veed
ജനകീയ കൂട്ടായ്മയിൽ ഭവനരഹിതർക്ക് പുനലൂർ നഗരസഭ നിർമ്മിച്ച് നൽകിയ വീടുകളുടെ താക്കോൽ മന്ത്രി കെ.രാജു കൈമാറുന്നു. നഗരസഭാ ചെയർമാൻ എം.എ.രാജഗോപാൽ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ കുമാർ പാലസ് മാനേജിംഗ് ഡയറക്ടറുമായ സതീഷ്‌കുമാർ, ഉപാദ്ധ്യക്ഷ കെ.പ്രഭ തുടങ്ങിയവർ സമീപം.

പുനലൂർ: പാവപ്പെട്ട നാല് കുടുംബങ്ങൾക്ക് പുനലൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ വീട് നിർമ്മിച്ച് നൽകി. ദേവിക്കോണത്തെ ലളിതമ്മ, ശകുന്തള, ശാന്തമ്മ, മിനി എന്നിവർക്കാണ് വീട് നൽകിയത്.

മൂന്ന് വർഷം മുമ്പ് റെയിൽവേ പുറമ്പോക്കിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരാണ് ലളിതയും ശകുന്തളയും. ഓട്ടോ ഡ്രൈവറായ ഭർത്താവ് റോയിമോൻ മരിച്ചതോടെ ഭാര്യയും മക്കളും പുറമ്പോക്കിൽ താമസിച്ചു വരികയായിരുന്നു. അനാഥമായ ഈ കുടുംബത്തിന് നാട്ടുകാരിൽ നിന്ന് സ്വരൂപിച്ച തുക ഉപയോഗിച്ചാണ് നഗരസഭ വിട് നിർമ്മിച്ച് നൽകിയത്. നഗരസഭയുടെ അഭ്യർത്ഥന പ്രകാരം എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂരിലെ കുമാർ പാലസ് മാനേജിംഗ് ഡയറക്ടറുമായ സതീഷ്‌കുമാർ ആണ് ഭവനരഹിതയായ ദേവിക്കോണം സ്വദേശി മിനിക്ക് വീട് വച്ച് നൽകിയത്.
ചെമ്മന്തൂരിൽ സംഘടിപ്പിച്ച സർഗ്ഗേത്സവ വേദിയിൽ മന്ത്രി കെ. രാജു വീടുകളുടെ താക്കോൽ കൈമാറി. നഗരസഭാ ചെയർമാൻ എം.എ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഉപാദ്ധ്യക്ഷ കെ. പ്രഭ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും പുനലൂർ കുമാർ പാലസ് മാനേജിംഗ് ഡയറക്ടറുമായ സതീഷ്‌കുമാർ, കൗൺസിലർമാരായ എസ്. സുബിരാജ്, കെ. രാജശേഖരൻ, വി. ഓമനക്കുട്ടൻ, സുഭാഷ് ജി. നാഥ്, ലളിതമ്മ, സുജാത, യമുന സുന്ദരേശൻ, സുരേന്ദ്രനാഥ തിലകൻ തുടങ്ങിയവർ സംസാരിച്ചു.