pinarayivijayan-udhkadana

കൊല്ലം: ലോക ശ്രദ്ധ നേടിയിരുന്ന ഇന്ത്യൻ ശാ‌സ്‌ത്ര കോൺഗ്രസിൽ നിന്ന് ശാസ്ത്രചിന്തകൾക്കുപകരം ഇന്ന് പുറത്തുവരുന്നത് മണ്ടത്തരങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശാസ്‌ത്രത്തെക്കൂടി എങ്ങനെ ഹൈന്ദവവത്കരിക്കാമെന്നാണ് ഒരു വിഭാഗം ചിന്തിക്കുന്നതെന്നും 31-ാം കേരള ശാസ്‌ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രാമായണത്തിലെയും മഹാഭാരതത്തിലെയും സംഭവങ്ങൾക്ക് ശാസ്‌ത്രീയ തെളിവുകളുണ്ടെന്ന് പ്രചരിപ്പിച്ച് രാജ്യത്തിന്റെ പാരമ്പര്യം ഉറപ്പിച്ചെടുക്കാനാണ് അവർ മത്സരിക്കുന്നത്.

കൗരവർ ടെസ്‌റ്റ് ട്യൂബ് ശിശുക്കളാണ്, കർണന്റെ ജനനത്തിന് ജനിതക ശാസ്‌ത്രവുമായി ബന്ധമുണ്ട്, പ്ലാസ്‌റ്റിക് സർജറിക്ക് ഉദാഹരണമാണ് ഗണപതി, ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെക്കാൾ മികച്ചതാണ് മഹാവിഷ്‌ണുവിന്റെ ദശാവതാരം, തുടങ്ങിയവയാണ് ഇത്തരക്കാരുടെ പ്രഖ്യാപനം.

ശാസ്‌ത്ര അവബോധത്തിന് പകരം ഏലസ്, കുട്ടിച്ചാത്തൻസേവ പോലുള്ള ഭാഗ്യ അന്വേഷണങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്. ജ്യോതിശാസ്‌ത്രത്തെ തള്ളിപ്പറയുന്നവർ ജ്യോതിഷത്തെ പിന്തുണയ്‌ക്കുന്നു.

ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തേണ്ടത് ഇന്ത്യൻ പൗരന്റെ കടമയാണെന്ന തരത്തിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് ഭരണഘടനയുടെ 42-ാം വകുപ്പിൽ ഭേദഗതി വരുത്തിയത് ഇത്തരം പ്രവണതകളെ മുൻകൂട്ടി കണ്ടാണ്.

വികസന സൂചികകളിൽ കേരളം ദേശീയ ശരാശരിയെക്കാൾ മുകളിലെത്തിയത് യുക്തിചിന്തയും ശാസ്ത്രബോധവും മുറുകെ പിടിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിൽ ജൈവ സമ്പത്ത് നഷ്‌ടമാകുന്നതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. അവയെ തിരിച്ചുപിടിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ചിന്തിക്കണം. ജൈവ സമ്പത്തിനൊപ്പം അധിനിവേശ സസ്യങ്ങളും അപ്രത്യക്ഷമായി. പ്രളയാനന്തരം രൂപപ്പെട്ട മണ്ണിൽ അധിനിവേശ സസ്യങ്ങളാണോ വളർന്നുവരികയെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ യംഗ് സയന്റിസ്റ്റ് സ്വർണ മെഡൽ ഡോ.ജി കൃഷ്ണകുമാർ, ഡോ.അറുമുഖം വേലു, ഡോ.സുരാജ് സോമൻ എന്നിവരും ഡോ. എസ്. വാസുദേവ് അവാർഡ് ഡോ. എം.കെ. ജയരാജും, സയൻസ് ലിറ്ററേച്ചർ അവാർഡ് പ്രതീപ് കണ്ണങ്കോട്, ഡോ.കെ.ബാബു ജോസഫ്, ചെറുകര സണ്ണി ലൂക്കോസ്, പി.പി.കെ. പൊതുവാൾ എന്നിവരും മുഖ്യമന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. കേരള സയൻസ് കോൺഗ്രസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ് അദ്ധ്യക്ഷത വഹിച്ചു.

മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ, മേയർ വി.രാജേന്ദ്രബാബു, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഫാത്തിമ മാതാ കോളേജ് പ്രിൻസിപ്പൽ വിൻസന്റ് ബി. നെറ്റോ, സയൻസ് കോൺഗ്രസ് ജനറൽ കൺവീനർ ഡോ. എസ്. പ്രദീപ്കുമാർ, ചെയർമാൻ സി.ടി.എസ്. നായർ എന്നിവർ പ്രസംഗിച്ചു.