കൊല്ലം: ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പ് ബി ഡിവിഷനിൽ പട്യാല ഹോക്കി ജേതാക്കളായി. ടൂർണമെന്റിൽ ഇതുവരെ ഒരു തോൽവിയും അറിഞ്ഞിട്ടില്ലാത്ത ഭോപ്പാലിനെ മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ഗോൾ നേടി പട്യാല പ്രതിരോധത്തിലാക്കി. കൗർ നവജ്യോത് ആണ് ഗോൾ നേടിയത്. തുടർന്ന് ഭോപ്പാൽ ചില മുന്നേറ്റങ്ങൾ നടത്താൻ ശ്രമിച്ചെങ്കിലും പട്യാലയുടെ പ്രതിരോധ മികവിൽ ഭോപ്പാൽ പതറുന്നതാണ് കണ്ടത്. പതിമൂന്നാം മിനിറ്റിൽ ഭോപ്പാലിന് അടുത്ത പ്രഹരമായി തരൻപ്രീത് കൗർ പട്യാലയുടെ രണ്ടാം ഗോൾ സ്‌കോർ ചെയ്തു. മുപ്പത്തി ഒൻപതാം മിനിറ്റിൽ ഭോപ്പാൽ മീനു റാണിയിലൂടെ തിരിച്ചടിച്ചുവെങ്കിലും കളി പട്യാലയുടെ വരുതിയിലായി കഴിഞ്ഞിരുന്നു.തുടർന്ന് നാൽപ്പത്തി നാലാം മിനിറ്റിൽ ഗുർമയിൽ കൗർ പട്യാലക്കു വേണ്ടി മൂന്നാമത്തെ ഗോൾ നേടി വിജയം ഉറപ്പിച്ചു. സെമിയിൽ ആന്ധ്രാ ഹോക്കി അസോസിയേഷനെ തോൽപ്പിച്ചു പട്യാല ഫൈനലിൽ എത്തിയപ്പോൾ ആസാമിനെ പരാജയപ്പെടുത്തിയാണ് ഭോപ്പാൽ പോരാട്ടത്തിന് ഇറങ്ങിയത്. എട്ടു കളികളിൽ നിന്നും ഇരുപ്പത്തിരണ്ട് ഗോളുകളുമായി പാട്യാല ക്യാപ്‌റ്റൻ നവജ്യോത് കൗർ ടൂർണമെന്റിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരമായി.തൊട്ടു പിന്നിൽ 21 ഗോളുമായി പട്യാലയുടെ ഗുർമയിൽ കൗർ തൊട്ടുപിന്നിലുണ്ട്.
ബി ഡിവിഷൻ വിജയികൾക്കുള്ള പുരസ്‌കാര വിതരണ ചടങ്ങ് കേരള ഹോക്കി ബ്രാൻഡ് അംബാസഡർ സുരേഷ് ഗോപി എം പി ഉദ്ഘാടനം ചെയ്‌തു.പുരസ്‌കാര വിതരണം ഡി.ജി.പി ലോകനാഥ് ബെഹ്റ നിർവഹിച്ചു. കേരള ഹോക്കി പ്രസിഡന്റ് വി.സുനിൽകുമാർ അധ്യക്ഷനാകുന്ന ചടങ്ങിൽ കേരള ഹോക്കി ജനറൽ സെക്രട്ടറി ആർ.അയ്യപ്പൻ വൈസ് പ്രസിഡന്റ് കെ. നിയാസ് എന്നിവർ പങ്കെടുത്തു.