കൊല്ലം: വ്യാജ വാർത്തകളുടെ നിർമ്മാണം ആധുനിക പത്രപ്രവർത്തനത്തിലെ വലിയ പ്രശ്‌നമാണെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു പറഞ്ഞു. കൊല്ലം പ്രസ് ക്ലബിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ആശ്രാമം യൂനുസ് കൺവെൻഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സെൻസേഷണലിസവും പെയ്ഡ് ന്യൂസും പത്രപ്രവർത്തനത്തിന് ഒരുപോലെ ഭീഷണിയാണ്. കൃത്യത, വിശ്വാസ്യത, പക്ഷപാതിത്വമില്ലായ്‌മ, നീതി, ഉത്തരവാദിത്വം എന്നിവയോട് ചില മാദ്ധ്യമങ്ങളെങ്കിലും വിട്ടുവീഴ്‌ച ചെയ്യുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ആളുകൾ വാർത്ത കൈകാര്യം ചെയ്യുന്നതിനാൽ മാദ്ധ്യമപ്രവർത്തകർ ജാഗ്രത പുലർത്തണം. മാദ്ധ്യമപ്രവർത്തകർ സ്വയം പെരുമാറ്റച്ചട്ടം ഏർപ്പെടുത്തേണ്ട കാലമായി. മിക്ക വാർത്താ ചാനലുകളും അവരുടെ കാഴ്ചപ്പാടുകൾക്കാണ് ആദ്യ പരിഗണ നൽകുന്നത്. ഇതിലൂടെ പത്രപ്രവർത്തനത്തിന്റെ പ്രധാന മൂല്യങ്ങൾ നശിക്കുന്നു.
സർക്കാരും ജനങ്ങളും തമ്മിലുള്ള പാലമായാണ് മാദ്ധ്യമങ്ങൾ പ്രവർത്തിക്കേണ്ടത്. സമൂഹത്തിലെ ദുർബല - പാർശ്വവത്കൃത സമൂഹത്തിന് നീതി നിഷേധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങളാൽ ബന്ധിതമാണെന്ന് ഓർമ്മിക്കണം.
പ്രധാന സാമ്പത്തിക ശേഷിയായി രാജ്യം ഉയരാനുള്ള പരിഷ്‌കരണങ്ങൾക്കായി മാദ്ധ്യമങ്ങൾ പ്രവർത്തിക്കണമെന്നും വെങ്കയ്യനായിഡു പറഞ്ഞു.
ഗവർണർ പി. സദാശിവം അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, എൻ.കെ. പ്രേമചന്ദ്രൻ എം.പി, പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രൻ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു എന്നിവർ പ്രസംഗിച്ചു. എം.എൽ.എമാരായ എം. മുകേഷ്, എം. നൗഷാദ്, എൻ. വിജയൻപിള്ള, മേയർ വി. രാജേന്ദ്രബാബു, പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പങ്കെടുത്തു.