കടയ്ക്കൽ: യുവജനസംഘടനാ പ്രവർത്തനകാലത്തെ അനുഭവങ്ങളും സൗഹൃദങ്ങളും പങ്കുവച്ച് എ.ഐ.വൈ.എഫ് പൂർവകാല നേതൃസംഗമം. എ.ഐ.വൈ.എഫ് അറുപതാം വാർഷികാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കടയ്ക്കൽ കുട്ടികളുടെ പാർക്കിൽ നടന്ന കൂട്ടായ്മയിലാണ് ജ്വലിക്കുന്ന ഓർമ്മകളുടെ സ്മരണകൾ ഇരമ്പിയത്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും എ.ഐ.വൈ.എഫിന്റെ മുൻ സംസ്ഥാന ഭാരവാഹിയുമായ മുല്ലക്കര രത്നാകരൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പ്രസിഡന്റ് ആർ.സജിലാൽ തുടങ്ങിയവർ മുൻകാല നേതാക്കളെ ആദരിച്ചു.
ആർ. രാമകൃഷ്ണപിള്ള പ്രസിഡന്റും അന്തരിച്ച നേതാവ് ഇ. രാജേന്ദ്രൻ സെക്രട്ടറിയുമായി രൂപീകരിച്ച ആദ്യ ജില്ലാ കമ്മിറ്റി മുതൽ നാളിതുവരെ വിവിധഘട്ടങ്ങളിൽ ജില്ലയിൽ സംഘടനയെ നയിച്ചവർ ആദരവ് ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി ജഗത് ജീവൻ ലാലി സ്വാഗതവും ബി. ആദർശ് നന്ദിയും പറഞ്ഞു. കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് സമ്മേളനം ആരംഭിച്ചത്. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. വി. ബാബു അദ്ധ്യക്ഷത വഹിച്ചു. ഡോ. വള്ളിക്കാവ് മോഹൻദാസ്, സി.ആർ. ജോസ് പ്രകാശ്, ഡോ. തോട്ടം ഭുവനചന്ദ്രൻ നായർ, കവി ഉമ്മന്നൂർ ഗോപാലകൃഷ്ണൻ, കാഥികൻ പുളിമാത്ത് ശ്രീകുമാർ, കടയ്ക്കൽ ഗോപിനാഥൻ നായർ, കെ.കെ. വിഷ്ണുദാസ് തുടങ്ങിയവർ പങ്കെടുത്തു. ടി.എസ്. നിധീഷ് സ്വാഗതവും സുധിൻ കടയ്ക്കൽ നന്ദിയും പറഞ്ഞു.
നേതൃസംഗമത്തിന്റെ ഭാഗമായി നടന്ന യുവജന സംഗമം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാം കെ. ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എൻ. അനിരുദ്ധൻ, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ആർ. സജിലാൽ, എസ്. വേണുഗോപാൽ, ഡോ.ആർ. ലതാദേവി, സി.പി. പ്രദീപ്, ജഗത് ജീവൻ ലാലി, എസ്. വിനോദ് കുമാർ, സന്ദീപ് അർക്കന്നൂർ, മടത്തറ അനിൽ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ജെ.സി. അനിൽ സ്വാഗതവും പി. പ്രതാപൻ നന്ദിയും പറഞ്ഞു. യോഗത്തിന് മുന്നോടിയായി യുവകലാസാഹിതി മണ്ഡലം സെക്രട്ടറി ഡോ. ബാബു നരേന്ദ്രൻ സംവിധാനം ചെയ്ത സംഗീത നൃത്ത ശില്പവും അരങ്ങേറി.