കൊട്ടിയം: ദേശീയപാതയോരത്ത് രണ്ടിടങ്ങളിൽ തീ പടർന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ വൈകിട്ട് തട്ടാമല ജുമാ മസ്ജിദിന് സമീപത്തെ പറമ്പിലെ കുറ്റിക്കാടിന് തീ പിടിച്ചു. കാറ്റ് വീശിയടിച്ചതോടെ ആളിക്കത്തിയ തീ പുരയിടത്തിലെ തെങ്ങുകളിലേക്ക് പടർന്നതോടെയാണ് ആശങ്ക പരന്നത്. കൊല്ലത്ത് നിന്നെത്തിയ അഗ്നിശമനസേന ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണച്ചത്.
കൊട്ടിയം പറക്കുളത്ത് പഴയ വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സ്ഥാപനത്തിൽ രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഓയിൽ കലർന്ന പാഴ്‌വസ്തുക്കൾ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. നാട്ടുകാരുടെ ഇടപെടൽ മൂലം തീ സമീപത്തെ വീടുകളിലേക്കും ഫർണിച്ചർ നിർമ്മാണ സ്ഥാപനങ്ങളിലേക്കും പടർന്നില്ല. തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തി തീ പൂർണമായും കൊടുത്തുകയായിരുന്നു.