ടെണ്ടർ നടപടികൾ പൂർത്തിയായിട്ട് നാളേറെയായി
റോഡിനോട് അവഗണന തുടർന്നിട്ടും വർഷങ്ങൾ
കെ.സി ജംഗ്ഷൻ - കൊച്ചാളികുന്ന് റോഡ്
01. നീളം 1 കിലോമീറ്ററിൽ താഴെ
02. ടാർ ചെയ്തിട്ട്: 6 വർഷം
03. റോഡ് കടന്നുപോകുന്നത്: 2 വാർഡിൽ
04. ആശ്രയിക്കുന്നത്: 200 കുടുംബങ്ങൾ
05. തകർച്ചയ്ക്ക് കാരണം ഓടയില്ലാത്തത്
06. റോഡിനായി അനുവദിച്ചത്: 15 ലക്ഷം
കരുനാഗപ്പള്ളി: ചവറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കെ.സി ജംഗ്ഷൻ - കൊച്ചാളികുന്ന് റോഡിന്റെ ടാറിംഗ് വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി പതിനഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഇതിന്റെ ടെണ്ടർ നടപടിയും പൂർത്തിയായി. നിർമ്മാണ സാമഗ്രികൾ ഇറക്കിയിട്ടും മാസങ്ങൾ പിന്നിട്ടു. അസംസ്കൃത സാധനങ്ങളുടെ ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള അളവെടുപ്പും പൂർത്തിയായി. എന്നാൽ നിർമ്മാണം മാത്രം അനന്തമായി നീളുന്നു.
കേവലം ഒരു കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിലൂടെയുള്ള യാത്ര നരകതുല്യമാണെന്നാണ് യാത്രക്കാർ പറയുന്നത്. കുണ്ടും കുഴിയുമായ റോഡിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ആറ് വർഷങ്ങൾക്ക് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. പിന്നീട് ഒരിക്കൽപ്പോലും റോഡിനുനേരെ അധികൃതർ മുഖംതിരിച്ചില്ല. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള റോഡിന്റെ വശങ്ങളിലായി 200 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് ദേശീയപാതയിൽ എത്താനുള്ള ഏക മാർഗമാണിത്.
ചവറ ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകളുടെ പരിധിയിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. റോഡിന്റെ മിക്ക ഭാഗങ്ങളിലും ഓട ഇല്ലാത്തതാണ് തകർച്ചയ്ക്ക് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ റോഡിൽ തന്നെ കെട്ടിനിൽക്കും. ഇത് പരിഹരിക്കുന്ന വിധത്തിലാകണം ടാറിംഗ് നടത്തേണ്ടതെന്നാണ് പൊതുവായുള്ള ആവശ്യം.