പുനലൂർ: പാലം പുനർനിർമ്മിക്കുന്നതിനിടെ കൊല്ലം - തിരുമംഗലം ദേശീയപാതയിലെ ആര്യങ്കാവ് മുരുകൻ പാഞ്ചാലിയിൽ വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടിയത് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടു. ജലവിതരണം മുടങ്ങിയതോടെ മലയോരവാസികൾ നെട്ടോട്ടത്തിലാണ്. സ്ഥിതി അതീവ ഗുരുതരമായിട്ടും പൈപ്പിന്റെ അറ്റകുറ്റപ്പണികൾ ഇനിയും ആരംഭിച്ചിട്ടില്ല. എന്നാൽ ദേശീയപാത അധികൃതരും ജല അതോറിറ്റിയും തമ്മിലുള്ള ശീതസമരമാണ് പ്രശ്നം വഷളാക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെ രണ്ടാഴ്ച മുൻപാണ് പൈപ്പ് പൊട്ടിയത്. തുടർന്ന് മുരുകൻ പാഞ്ചാലി മുതൽ ഇടപ്പാളയം പള്ളിമുക്ക് വരെയുളള 150ലധികം വീടുകളിലെയും ദേശീയപാതയോരത്തെയും പൊതുപൈപ്പുകൾ വഴിയുള്ള ശുദ്ധജല വിതരണം മുടങ്ങി.
പൈപ്പുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഇരുവിഭാഗങ്ങളുടെയും ഓഫീസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ നടപടി മാത്രം ഉണ്ടായില്ല. വേനൽ രൂക്ഷമായതോടെ സമീപത്തുകൂടി ഒഴുകുന്ന കഴുതുരുട്ടി ആറ് അടക്കമുള്ള നീർച്ചാലുകളും കിണറുകളും വരണ്ട് തുടങ്ങി. ഇതിനിടെയാണ് പൈപ്പുപൊട്ടലും വില്ലനായത്. വിഷയത്തിൽ അടിയന്തര നടപടി വേണമെന്നും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിൽ അധികൃതർ തുടരുന്ന പിടിവാശി അവസാനിപ്പിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.