pk-krishnadas

കൊല്ലം: കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തെ അവഗണിച്ചെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതം അംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യസമ്പാദനത്തിന് ശേഷം ഏറ്റവും കൂടുതൽ പദ്ധതികളും പദ്ധതി വിഹിതങ്ങളും അനുവദിച്ചത് മോദി സർക്കാരാണ്. അറുപതു വർഷം കേരളത്തിന് ലഭിച്ച കേന്ദ്ര വിഹിതവും നാലരവർഷം കൊണ്ട് മോദി സർക്കാർ സംസ്ഥാനത്തിന് നൽകിയ വിഹിതവും എത്രയെന്ന് താരതമ്യം ചെയ്ത് സംസ്ഥാനം ധവളപത്രം പുറത്തിറക്കണം. 16-ാം ധനകാര്യകമ്മിഷനിൽ 42 ശതമാനം വർദ്ധനവാണ് കേരളത്തിനുണ്ടായത്. 21715 കോടി കേരളത്തിന് അനുവദിക്കപ്പെട്ടിട്ടുണ്ട്. അതായത് കഴിഞ്ഞ പ്രാവിശ്യത്തേക്കാൾ 2076 കോടി കൂടുതൽ.

കേരളത്തിന്റെ റെയിൽവേ വികസനത്തിന് 1500 കോടിയാണ് ബഡ്ജറ്റിൽ നീക്കിവച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. ആരോഗ്യപദ്ധതിയായ ആയുഷ്മാൻ ഭാരത് അഞ്ചുമാസമായി കേരളം നടപ്പിലാക്കിയിട്ടില്ല. സാധാരണക്കാർക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി കൊണ്ടു വന്നത്. ഇതിന്റെ ഗുണം ബി.ജെ.പിക്ക് ലഭിക്കുമെന്ന ഭയത്താലാണ് പദ്ധതിയുടെ ടെൻഡർ വിളിക്കാനോ ധാരണാ പത്രത്തിൽ ഒപ്പുവയ്ക്കുവാനോ സംസ്ഥാനം തയ്യാറാകാത്തത്. കേന്ദ്രസർക്കാരിന്റെ പണം വാങ്ങി പേരുമാറ്റി സ്വന്തം പദ്ധതിയായി അവതരിപ്പിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.