കൊല്ലം: വീണ്ടും അധികാരത്തിലെത്താൻ ബി.ജെ.പി രാജ്യത്താകെ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലത്ത് സി.എം.പി - സി.പി.എം ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുഘട്ടത്തിൽ ക്രൈസ്തവർക്ക് നേരെയായിരുന്നു ആക്രമണം. ഇപ്പോൾ മുസ്ലിങ്ങളെ കണ്ടാൽ ആക്രമിക്കുന്ന മാനസികനിലയിലേക്ക് ഒരുകൂട്ടർ മാറിയിരിക്കുന്നു. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതിയുടെ അനുമതി വേണ്ടെന്നാണ് ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ പ്രഖ്യാപനം. ഇന്ന തീയതിക്കുള്ളിൽ നിർമ്മിക്കുമെന്നും പ്രഖ്യാപിക്കുന്നു. ഇത്തരം അവകാശവാദങ്ങൾ ഉയരുമ്പോൾ തങ്ങൾ അധികാരത്തിൽ വന്നാലേ രാമക്ഷേത്രം ഉയരൂ എന്നാണ് കോൺഗ്രസ് വക്താവ് ദിഗ്വിജയ് സിംഗ് പറഞ്ഞത്. ഈ സമീപനം പശുവിന്റെ കാര്യത്തിലും കേട്ടിട്ടുണ്ട്. പശുവിന്റെ പേരിൽ സംഘപരിവാറുകാർ മനുഷ്യരെ കൊല്ലുകയും ആക്രമിക്കുകയും ചെയ്തപ്പോൾ തങ്ങളാണ് ഗോവധത്തിന്റെ യഥാർത്ഥ വക്താക്കളെന്നാണ് കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് പറഞ്ഞത്.
കോർപറേറ്റുകൾക്ക് തടിച്ചുകൊഴുക്കാനുള്ള എല്ലാ സഹായവും ബി.ജെ.പി നൽകിയിട്ടുണ്ട്. ഇങ്ങനെ സമ്പാദിച്ചതിന്റെ വിഹിതം ഇപ്പോൾ തിരിച്ചു നൽകുകയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ സ്വാധീനിക്കാൻ കൂടിയാണ് ഈ പണം നൽകുന്നത്. കർണാടകയിൽ ഒരു എം.എൽ.എയ്ക്ക് 40 കോടി വരെയാണ് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ട് കാലുമാറില്ലെന്ന് ഉറപ്പുള്ളവരെയാകണം ജയിപ്പിക്കേണ്ടത്. ബി.ജെ.പിയുമായി സമരസപ്പെടില്ലെന്നും വർഗീയതയോട് വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉറപ്പുള്ളവരാകണം. രാജ്യത്ത് ഈയുറപ്പ് ഇടതുപക്ഷത്തിന് മാത്രമാണുള്ളത്.
കേരളത്തിൽ ഇടതുപക്ഷത്തെ തകർക്കാൻ കൂട്ടായ ശ്രമം നടക്കുന്നു. ശബരിമല പ്രശ്നത്തിൽ ബി.ജെ.പി നിലപാടിനൊപ്പം യു.ഡി.എഫ് ഒന്നാകെ അണിചേർന്നു. നിയമത്തിനും മതത്തിനും മുകളിലാണ് വിശ്വാസമെന്നാണ് പറഞ്ഞ ന്യായം. ഭരണഘടനയ്ക്കും സുപ്രീം കോടതിക്കും മുകളിലാണ് വിശ്വാസമെങ്കിൽ ബാബറി മസ്ജിദ് പ്രശ്നം എവിടെയെത്തും. എങ്ങനെയാണ് ലീഗിന് ഇങ്ങനെയൊരു സ്ഥിതി അംഗീകരിക്കാൻ കഴിയുകയെന്നും പിണറായി ചോദിച്ചു.
മുതിർന്ന സി.എം.പി നേതാവ് പാട്യം രാജൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.പി ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ ലയന പ്രമേയം അവതരിപ്പിച്ചു. സി.പി.എമ്മിന്റെ ഭാഗമായി മാറിയ എല്ലാ സി.എം.പി പ്രവർത്തകർക്കും അർഹമായ പരിഗണന പാർട്ടിയിൽ നൽകുമെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എൻ. വിജയൻപിള്ള എം.എൽ.എ, സി.എം.പി സംസ്ഥാന സെക്രട്ടറി എം.എച്ച്. ഷാരിയർ, സി.സി.എച്ച്. വിജയൻ, അഡ്വ. ജി. സുഗുണൻ തുടങ്ങിയവർ സംസാരിച്ചു.
എം.വി. രാഘവന്റെ മക്കളായ എം.വി. ഗിരിജ, എം.വി. നികേഷ് കുമാർ, മരുമക്കളായ പ്രൊഫ. കുഞ്ഞിരാമൻ, റാണി എന്നിവരും പങ്കെടുത്തു.