ashtamudi
അഷ്ടമുടി കയർസംഘം വളപ്പിലുണ്ടായ തീപിടുത്തം നാട്ടുകാർ കെടുത്തുന്നു

കൊല്ലം: അഷ്ടമുടി കയർ സംഘം വളപ്പിൽ സൂക്ഷിച്ചിരുന്ന ചകിരിക്കെട്ടുകൾ കത്തിനശിച്ചു. തീപിടിച്ചതിന് തൊട്ടുപിന്നാലെ തന്നെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് സംഘത്തിന്റെ കെട്ടിടം കത്തിനശിക്കാതിരുന്നത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ തൊഴിലാളി സ്ത്രീകൾ ഉടൻ തന്നെ ഓടിയെത്തി കായലിൽ നിന്ന് വെള്ളം കോരിയൊഴിച്ച് തീ കെടുത്തുകയായിരുന്നു. എട്ട് കെട്ട് ചകിരി പൂർണമായും കത്തിനശിച്ചെന്നാണ് പ്രാഥമിക വിവരം. നിരവധി കെട്ടുകൾ ഭാഗികമായും നശിച്ചു. നിരവധി ചകരിക്കെട്ടുകൾ ദൂരേക്ക് മാറ്റുകയും ചെയ്തു. കൃത്യമായ നഷ്ടം കണക്കാക്കിയിട്ടില്ല. വർഷങ്ങളായി സംഘം വളപ്പിലാണ് ചകിരിക്കെട്ടുകൾ സൂക്ഷിക്കുന്നത്. ഇതുവഴി പോയ ആരെങ്കിലും വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാകാം തീപടർന്നതെന്ന് സംശയിക്കുന്നു. അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.