കരുനാഗപ്പള്ളി: വർത്തമാന കാലഘട്ടത്തിൽ സമൂഹത്തെ നിയന്ത്രിക്കുന്ന പ്രബല ശക്തിയായി പണം മാറുകയാണെന്ന് ചലച്ചിത്രകാരനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റുമായ ഷാജി എൻ. കരുൺ പറഞ്ഞു. സംഘത്തിന്റെ നവകേരള സാംസ്കാരിക യാത്രയ്ക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ ശബ്ദത്തിനു പകരം പണത്തിന്റെ ശബ്ദമാണ് മതവിശ്വാസങ്ങളിൽ പോലും കേൾക്കുന്നത്. നല്ല മനുഷ്യരായി ജീവിക്കാനാണ് എല്ലാ മതങ്ങളും നിഷ്കർഷിക്കുന്നത്. പുതിയ കാലത്തിന്റെ മോശപ്പെട്ട നിർമ്മിതികൾ നമ്മളോടൊപ്പം നിന്ന് നമ്മളെ തന്നെ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ജീവതാളം വേദിയിലാണ് സ്വീകരണം ഒരുക്കിയത്. സംഘാടകസമിതി ചെയർമാൻ പി.കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു, ടി.എൻ. വിജയകൃഷ്ണൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡി. സുരേഷ്‌കുമാർ, ജാഥാ അംഗം ഡോ.എം .എ. സിദ്ധിഖ്, ജാഥാ കൺവീനർ പ്രൊഫ. വി.എൻ. മുരളി, മാനേജർ എ. ഗോകുലേന്ദ്രൻ, ഡോ.എം.എം. നാരായണൻ, വി. സീതമ്മാൾ, വിനോദ് വൈശാഖി, വി.എസ്. ബിന്ദു, ഡോ.സി. ഉണ്ണിക്കൃഷ്ണൻ, രാധാ കാക്കനാടൻ, വി.പി. ജയപ്രകാശ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.
കരുനാഗപ്പള്ളി, കുന്നത്തൂർ, ശൂരനാട്, ചവറ മേഖലകളിലെ കലാസാഹിത്യ രംഗത്തെ പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ജാഥാ അംഗങ്ങളെ കരുനാഗപ്പള്ളി ടൗണിൽ നിന്ന് ഘോഷയാത്രയോടെയാണ് സ്വീകരണ കേന്ദ്രത്തിലേക്ക് ആനയിച്ചത്.