പരവൂർ: പരവൂർ തെക്കുംഭാഗത്ത് മിനി ഫിഷിംഗ് ഹാർബറിനായുള്ള ജനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും കാത്തിരിപ്പിന് അവസാനിമില്ല. പരവൂരിന്റെ മുഖഛായ തന്നെ മാറ്റുമായിരുന്ന പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരൻ തറക്കല്ലിട്ടിട്ട് വർഷം 22 പിന്നിട്ടു. തുടർനടപടികൾ ഫയലിൽ ഉറങ്ങിയതോടെ ഹാർബർ എന്നത് സ്വപ്നമായി തുടരുകയായിരുന്നു.
നീണ്ടകര ഫിഷിംഗ് ഹാർബറും വാടി മത്സ്യബന്ധനകേന്ദ്രവും കഴിഞ്ഞാൽ ജില്ലയിൽ ഇനിയൊരു ഫിഷിംഗ് ഹാർബറിന് അനുയോജ്യമായ സ്ഥലം പരവൂരാണ്. എന്നാൽ അതിനോട് അധികൃതർ പുറംതിരിഞ്ഞ് നിൽക്കുന്നതാണ് പദ്ധതി നടപ്പാവാത്തതിന് കാരണമായി ജനങ്ങൾ ആരോപിക്കുന്നത്. മിനി ഹാർബർ നിലവിൽ വന്നാൽ മേഖലയുടെ സമഗ്ര വികസനത്തിനൊപ്പം നിരവധിയാളുകൾക്ക് തൊഴിൽ സാദ്ധ്യതയുമുണ്ടാകും.
ഹാർബറിനായി സ്ഥലം കണ്ടെത്തിയെങ്കിലും ഇതുവരെ സർവേ പോലും നടന്നിട്ടില്ല. കേരളത്തിൽ ഒട്ടാകെ 11 മത്സ്യഗ്രാമങ്ങൾ സർക്കാർ അംഗീകരിച്ചു. എന്നാൽ ഇതിലും പരവൂരിന് അവഗണനയായിരുന്നു ഫലം. ആയിരത്തോളം പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ് ഇവിടെയുള്ളത്. അവർ അർദ്ധപട്ടിണിയിലാണ് കഴിയുന്നത്. മത്സ്യബന്ധന മേഖലയിൽ വന്നിട്ടുള്ള ആധുനിക സൗകര്യങ്ങളൊന്നും ഇവർക്ക് ലഭ്യമല്ല. ഇവരാണ് പദ്ധതിക്കായി ഏറെ കാത്തിരിക്കുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണമാകും
അനന്തമായ വികസന സാദ്ധ്യതയാണ് മിനി ഫിഷിംഗ് ഹാർബർ നിലവിൽ വരുന്നതോടെ പരവൂരിനുണ്ടാകുന്നത്. ആയിരത്തോളം വരുന്ന മത്സ്യത്തൊഴിലാളികളാണ് ഇതിനായി കാത്തിരിക്കുന്നത്. അതിനാൽ പദ്ധതി ഇനിയും വൈകരുത്. ഇതിനായി അടിയന്തര നടപടി സ്വീകരിക്കണം
അഡ്വ. പി. ഗോപാലകൃഷ്ണൻ (പരവൂർ നഗരവികസന സമിതി)