പുനലൂർ: ഐക്കരക്കോണം എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ 16-ാം വാർഷികാഘോഷം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബി. ഷിഹാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് എഡ്യൂക്കേഷണൽ സെക്രട്ടറി സി.പി. സുദർശനൻ രക്ഷാകർത്തൃ സമ്മേളനത്തിന്റെ ഉദ്ഘാടനവും വിശിഷ്ടാതിഥികളെ ആദരിക്കലും നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖാ പ്രസിഡന്റും വാർഡ് കൗൺസിലറുമായ എസ്. സുബിരാജ്, സ്കൂൾ പ്രിൻസിപ്പൽ എസ്. പ്രിയദർശിനി, പ്രഥമാദ്ധ്യാപിക കെ. സൈദ, സ്റ്റാഫ് സെക്രട്ടറി മീര ജി. പുരുഷോത്തമൻ, സ്കൂൾ ലീഡർ ബിജിൽ തുടങ്ങിയവർ സംസാരിച്ചു. ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.