കൊല്ലം: എസ്.എൻ.കോളേജ് ജംഗ്ഷനിലെ റെയിൽവേ ഗേറ്റിന് സമാന്തരമായി മേൽപ്പാലം നിർമ്മിക്കാനുള്ള സാദ്ധ്യതയേറി. മൂന്നു സാദ്ധ്യതാ രൂപരേഖകൾ തയ്യാറാക്കിയിട്ടുണ്ട്. മുണ്ടയ്ക്കൽ റോഡിൽ ചാപ്റ്റർ കോളേജിന് മുന്നിലെ വളവിൽ നിന്ന് തുടങ്ങി ദേശീയപാതയ്ക്ക് മുകളിലൂടെ ശാരദാമഠത്തിന് സമീപത്തെ ഇംഗ്ളീഷ് പള്ളിയ്ക്ക് മുന്നിലെത്തുന്ന വിധമുള്ള രൂപരേഖ പ്രകാരം നിർമ്മാണം നടത്താനാണ് സാദ്ധ്യത.
രൂപരേഖ
12 മീറ്റർ വീതി, 430 മീറ്റർ നീളം
സിംഗിൾ പില്ലർ പ്ളാൻ
റോഡിന്റെ ഭാഗം കൂടുതലായി ഉപയോഗിക്കാം
കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷന് നിർമ്മാണ ചുമതല
തിരുവനന്തപുരം ആസ്ഥാനമായ റീ ഇൻഫോഴ്സ്‌മെന്റ് ഫോർ ഫ്യൂച്ചർ (ആർ.ടി.എഫ്), ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ അഡ്വാൻസ് (ഐ.എസ്.എ) എന്നീ സ്വകാര്യ സ്ഥാപനങ്ങൾ സംയുക്തമായാണ് രൂപരേഖ തയ്യാറാക്കി നിർമ്മാണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷന് (ആർ.ബി.ഡി.സി) സമർപ്പിച്ചിരുന്നത്.
നാല്പത് വീടുകൾ നഷ്ടപ്പെടുമെന്ന പ്രചാരണം നടത്തി പദ്ധതി മുടക്കാൻ ചില ഭാഗങ്ങളിൽ നിന്നു നീക്കമുണ്ടായിരുന്നു. ഇത്രത്തോളം വീടുകൾ നഷ്ടപ്പെടാൻ സാധ്യതയില്ല. 2015-16ൽ കേന്ദ്ര റെയിൽവേ മന്ത്രാലയം 38.32 കോടി രൂപ മേൽപ്പാലം നിർമ്മാണത്തിനായി വകയിരുത്തിയിരുന്നു. അന്നുമുതൽ ഇതിനെതിരായ നീക്കവും ശക്തമായി. ഇപ്പോൾ കിഫ്ബിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും സമാനമായ തുക അനുവദിച്ചതോടെയാണ് മേൽപ്പാലത്തിന് സാദ്ധ്യത തെളിഞ്ഞത്.
പോളയത്തോട്
മേൽപ്പാലവും
പോളയത്തോട് മേൽപ്പാലത്തിനും അനുമതിയായിട്ടുണ്ട്. 51.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ മണ്ണ് പരിശോധനയും സർവെയും നേരത്തേ നടന്നിരുന്നു. രണ്ട് പാലങ്ങളും വരുന്നതോടെ കാലങ്ങളായി നിലനിൽക്കുന്ന യാത്രാക്ളേശത്തിന് പരിഹാരമാകും. രാത്രിയും പകലും ലെവൽക്രോസ് അടഞ്ഞാൽ ഗതാഗതം തടസ്സ
പ്പെടുന്നതിനാൽ വല്ലാതെ വലയുകയാണ് നാട്ടുകാർ.
മേൽപ്പാലം നാടിന്റെ വികസനത്തിന്
മുണ്ടയ്ക്കൽ, തുമ്പറ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് റെയിൽവേ മേൽപ്പാലം അനിവാര്യമാണ്. ഒ.രാജഗോപാൽ റെയിൽവേ സഹമന്ത്രിയായിരിക്കെ മേൽപ്പാലം നിർമ്മിക്കാൻ പ്രാരംഭ നടപടി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. 2015-16 വർഷത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം 38.32 കോടി രൂപ അനുവദിച്ചു. പൊതുസമൂഹം ഇപ്പോൾ കാര്യങ്ങൾ മനസ്സിലാക്കി. മേൽപ്പാലം നിർമ്മിക്കുന്നതിന് എല്ലാ സാദ്ധ്യതകളും തെളിയുന്നുണ്ട്.
ഡോ.ദേവരാജ്.ജി,
ജനറൽ കൺവീനർ,
മുണ്ടയ്ക്കൽ വികസനസമിതി