കരുനാഗപ്പള്ളി: പാവുമ്പ ക്ഷേത്ര ഉത്സവ പറമ്പിന് സമീപം ചവറ ടൈറ്റാനിയം ജംഗ്ഷൻ കണിച്ചുകുളങ്ങര വീട്ടിൽ ഉദയന്റെ മകൻ അഖിൽജിത്ത് (25) കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വൃക്കരോഗിയായ മാതാവിന്റെ അസുഖം ഭേദമാകാൻ പാവുമ്പയിലും ആനയടിയിലും പറ വഴിപാട് നടത്താൻ സുഹൃത്തിനൊപ്പം എത്തിയ അഖിൽജിത്ത് അക്രമിസംഘത്തിന് മുന്നിൽ അകപ്പെടുകയായിരുന്നു. കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞില്ല. ഒരു മണിക്കൂറോളം ചോരവാർന്ന് സംഭവ സ്ഥലത്ത് കിടന്ന അഖിൽജിത്തിനെ അക്രമികൾ പോയശേഷം രണ്ട് സുഹൃത്തുക്കളാണ് ബൈക്കിന്റെ പിൻസീറ്റിലിരുത്തി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചത്. ആരോഗ്യനില മോശമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരിച്ചു. കൈകാലുകളും അടിച്ചൊടിച്ച നിലയിലായിരുന്നു.
ഞായറാഴ്ച വൈകിട്ട് 6 മണിയോടെ 15 ബൈക്കുകളിലായി എത്തിയ 25 അംഗ സംഘമാണ് പാവുമ്പ തെക്ക് പാലമൂട് ജംഗ്ഷനിലും പരിസരത്തും കേന്ദ്രീകരിച്ച ശേഷം രാത്രി എട്ടോടെ മുഖം മറച്ച് ആക്രമണം അഴിച്ചുവിട്ടത്. ശനിയാഴ്ച ഉത്സവസ്ഥലത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് ഞായറാഴ്ച നടന്ന അക്രമസംഭവങ്ങൾ. ബഹളത്തിനിടെ അഖിൽജിത്തും ബന്ധുവായ യുവാവും അക്രമികളുടെ മുന്നിൽ അകപ്പെട്ടുവെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാൾ പിന്നീട് മറ്രൊരു സുഹൃത്തിനെ കൂട്ടി വന്നാണ് അഖിൽജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ശ്രീജയാണ് അഖിൽജിത്തിന്റെ മാതാവ്. സഹോദരി അഖില.
അക്രമത്തിൽ കെ.എം.എം.എല്ലിലെ സെക്യൂരിറ്റി ജീവനക്കാരൻ അമൃത യു.പി.എസിന് സമീപം താമസിക്കുന്ന നിഥിൻ നിവാസിൽ ഉണ്ണികൃഷ്ണപിള്ള, മകൻ നിഥിൻ, അയൽവാസിയായ പൊലീസുകാരൻ, പരിസരവാസിയായ നവാസ് എന്നിവർക്കും പരിക്കേറ്റു. അക്രമിസംഘത്തിൽ നിന്ന് രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം ഉണ്ണികൃഷ്ണപിള്ളയുടെ വീട്ടിൽ കയറി പിൻവശത്തെ മതിൽ ചാടി മറഞ്ഞ യുവാവിനെ പിന്തുടർന്നെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. പരിക്കേറ്റ ഇവർ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഉണ്ണികൃഷ്ണപിള്ളയുടെ വീടിനും പരിസരത്തെ മറ്ര് മൂന്ന് വീടുകൾക്കും അക്രമികൾ നാശം വരുത്തി. കരുനാഗപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികൾ ഒളിവിൽ പോയതായാണ് വിവരം.
സംഘർഷ സാദ്ധ്യത അറിഞ്ഞിട്ടും സുരക്ഷ ഒരുക്കാതെ പൊലീസ്
പാവുമ്പ ക്ഷേത്രത്തിൽ പത്ത് ദിവസമാണ് ഉത്സവം. ഇതിൽ അവസാന മൂന്ന് ദിവസം അക്രമം പതിവാണ്. ഇക്കുറി ശനിയാഴ്ച തന്നെ യുവാക്കൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. തുടരാക്രണങ്ങൾ ഉണ്ടായേക്കുമെന്ന് നാട്ടുകാരും ഉത്സവ കമ്മിറ്റി ഭാരവാഹികളും പൊലീസിനെ അറിയിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗവും ഈ നിലയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ കരുനാഗപ്പള്ളി പൊലീസ് സുരക്ഷ ഒരുക്കുന്നതിൽ അലംഭാവം കാട്ടിയതായി ആക്ഷേപമുണ്ട്. വൈകിട്ട് മുതൽ അപരിചിതരെ മുഖം മറച്ച നിലയിൽ മേഖലയിൽ കണ്ടത് പ്രദേശവാസികൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നിട്ടും പൊലീസ് നടപടി സ്വീകരിക്കാതിരുന്നതാണ് ഒരു നിരപരാധിയുടെ ജീവൻ പൊലിയുന്നതിൽ കലാശിച്ചത്.