മുൻപ് പ്രവർത്തിച്ചിരുന്നത് പഴയ ഓടിട്ട കെട്ടിടത്തിൽ
നടപ്പാകുന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യം
1450 ചതുരശ്ര അടി വിസ്തീർണ്ണം
ചെലവ്: 40 ലക്ഷം രൂപ
കൊല്ലം: പതിറ്റാണ്ടുകളായുള്ള ശോച്യാവസ്ഥയ്ക്ക് പരിഹാരവുമായി കൊട്ടാരക്കര വില്ലേജ് ഓഫീസ് സ്മാർട്ടാകാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള കെട്ടിട നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ ജീർണ്ണാവസ്ഥയിലായ കെട്ടിടത്തിൽ വീർപ്പുമുട്ടുകയായിരുന്നു വില്ലേജ് ഓഫീസ്. റെയിൽവേ സ്റ്റേഷന് തൊട്ടടുത്തായി ഓടിട്ട പഴയ കെട്ടിടമായിരുന്നു ആദ്യം ഉണ്ടായിരുന്നത്.
സർട്ടിഫിക്കറ്റുകൾക്കും കരമൊടുക്കാനും മറ്റാവശ്യങ്ങൾക്കുമായി ദിവസവും നൂറുകണക്കിന് ആളുകളെത്തുന്ന ഈ ഓഫീസിന്റെ ദുരിതാവസ്ഥ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനാണ് ഒടുവിൽ പരിഹാരമൊരുങ്ങുന്നത്. പി. ഐഷാപോറ്റി എം.എൽ.എ മുൻകൈയെടുത്ത് സർക്കാരിന്റെ സ്മാർട്ട് വില്ലേജ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രൂപ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം. നേരത്തെ പി.ഐഷാപോറ്റി എം.എൽ.എ ശിലാസ്ഥാപനം നടത്തിയിരുന്നുവെങ്കിലും ഓഫീസിന്റെ പ്രവർത്തനം ഇവിടെ നിന്നും മാറ്റുന്നതിന് കാലതാമസമുണ്ടായി. നടപടിക്രമങ്ങൾ പൂർത്തിയാക്കി വില്ലേജ് ഓഫീസിന്റെ പ്രവർത്തനം ഓയൂർ റോഡിൽ തോട്ടംമുക്കിലെ വാടക കെട്ടിടത്തിലേക്ക് മാറ്റിയ ശേഷമാണ് പഴയ കെട്ടിടം പൊളിച്ച് നീക്കിയത്.
ചെറുതെങ്കിലും സ്മാർട്ട്
നിർമ്മിതി കേന്ദ്രത്തിനാണ് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ചുമതല. ജീവനക്കാർക്കും ഓഫീസർക്കും പ്രത്യേക മുറികൾ, സന്ദർശകർക്ക് വിശ്രമിക്കാനിടം, റെക്കാർഡ് റൂം, ടോയ്ലറ്റ് സംവിധാനം എന്നിവയുണ്ടാകും. കമ്പ്യൂട്ടർവത്കൃത ഓഫീസിൽ സമയബന്ധിതമായി സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റാം. കെട്ടിടത്തിന് രൂപഭംഗിയുണ്ടാകും. മുന്നിൽ ഗാർഡനും പാർക്കിംഗ് സംവിധാനങ്ങളുമൊരുക്കും. 9 മാസമാണ് നിർമ്മാണത്തിന് കരാർ കാലാവധി നൽകിയിട്ടുള്ളത്. വരുന്ന മഴക്കാലത്തിന് മുമ്പായി നിർമ്മാണ ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.