കരുനാഗപ്പള്ളി: നീണ്ടനാളത്തെ കാത്തിരിപ്പിന് ശേഷം നിർമ്മാണം പൂർത്തിയാക്കിയ പുത്തൻതെരുവിലെ ഇ.എസ്.ഐ ഡിസ്പെൻസറിയുടെ സേവനം ലഭിക്കണമെങ്കിൽ ഇനിയും രോഗികൾ കാത്തിരിക്കണം. ഉദ്യോഗസ്ഥരുടെ പടലപ്പിണക്കമാണ് നാല് വർഷം മുൻപ് നിർമ്മിച്ച കെട്ടിടം ഇപ്പോഴും കാടുമൂടിക്കിടക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്കും കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച് ഓഫീസിനും വേണ്ടിയായിരുന്നു ബഹുനില മന്ദിരം നിർമ്മിച്ചത്. 2.65 കോടി രൂപയായിരുന്നു ചെലവ്,
ഹിന്ദുസ്ഥാൻ ലാറ്റക്സിനായിരുന്നു നിർമ്മാണ ചുമതല. കെട്ടിടത്തിന്റെ താഴെ ഡിസ്പൻസറിയും മുകളിൽ ബ്രാഞ്ച് ഓഫീസുമാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ വർഷം നാല് പിന്നിട്ടും ഡിസ്പൻസറിയും ബ്രാഞ്ച് ഓഫീസും വിവിധ സ്ഥലങ്ങളിൽ വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. നിലവിലുള്ള ഡിസ്പൻസറി കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങളും രോഗികളെ വലയ്ക്കുന്നു. കെട്ടിടം പ്രവർത്തിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ അധികൃതർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയത്തിൽ മുമ്പും കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.