photo
കിഴക്കേകല്ലട, ചിറ്റുമല മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയോദ്ഗ്രഥന പദയാത്രകളുടെ സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ചന്ദ്രൻ കല്ലട, കല്ലട രമേശ് എന്നിവർ സമീപം

കുണ്ടറ: കേരളത്തിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നടപടിയെടുക്കാത്ത ആദ്യത്തെ സർക്കാരാണ് മോദിയുടേതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കിഴക്കേകല്ലട, ചിറ്റുമല മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടന്ന ദേശീയോദ്ഗ്രഥന പദയാത്രകളുടെ സമാപന സമ്മേളനം ചിറ്റുമലയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മോദി സർക്കാർ കേരളത്തിനായി പുതുതായി ഒന്നും തന്നില്ല. റേഷനരി പോലും വെട്ടിക്കുറച്ചു. കിട്ടാൻ സാധ്യതയുള്ളതെല്ലാം മുടക്കി. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളോട് നിഷേധാത്മകമായ നിലപാടെടുത്ത് ജനങ്ങളെ ശ്വാസംമുട്ടിച്ച സർക്കാരാണ് എൻ.ഡി.എയുടേതെന്നും രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാവില്ലെന്ന തിരിച്ചറിവാകാം ഇതിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കേകല്ലട മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചന്ദ്രൻ കല്ലടയും ചിറ്റുമല മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സ്റ്റീഫൻ പുത്തേഴത്തും പദയാത്രകൾക്ക് നേതൃത്വം നൽകി. ഉപ്പൂട് കല്ലട രമേശനും ശിങ്കാരപള്ളിയിൽ കല്ലട വിജയനും പദയാത്രകൾ ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ സ്റ്റീഫൻ പുത്തേഴത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ, എം.വി. ശശികുമാരൻ നായർ, മിൽമ ചെയർമാൻ കല്ലട രമേശൻ, കല്ലട വിജയൻ, തുണ്ടിൽ നൗഷാദ്, വൈ. ഷാജഹാൻ, പാപ്പച്ചൻ, ഗോകുലം അനിൽ, വൈ.എ.സമദ്, രതി വിജയൻ, മായാദേവി, ഉമാദേവി തുടങ്ങിയവർ പങ്കെടുത്തു.