biriyani

പൂവും ചന്ദനവും അവലും മലരുമൊക്കെയാണ് പൊതുവെ അമ്പലങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രസാദങ്ങൾ. എന്നാൽ നല്ല അസൽ ദം ബിരിയാണി പ്രസാദമായി കിട്ടുന്ന ഒരു അമ്പലമുണ്ട് തമിഴ്നാട്ടിൽ. മധുരജില്ലയിലെ മുനിയാണ്ടി ക്ഷേത്രത്തിലാണ് ഈ വേറിട്ട ആചാരം.

ചിക്കൻ ബിരിയാണിയോ മട്ടൻ ബിരിയാണിയോ മാത്രമാണ് ഇവിടെ വിളമ്പുക. വർഷം തോറും നടക്കുന്ന മൂന്ന് ദിവസത്തെ ഉൽസവത്തിന്റെ പേര് തന്നെ മുനിയാണ്ടി ക്ഷേത്രം ബിരിയാണി ഉത്സവമെന്നാണ്. ഭക്തർ കാണിക്കയായി നൽകുന്ന 1000 കിലോ അരി, 250 ആടുകൾ, 300 കോഴി എന്നിവ ഉപയോഗിച്ചാണ് ബിരിയാണി തയ്യാറാക്കുന്നത്. കഴിഞ്ഞ 84 വർഷമായി തുടരുന്ന ആചാരമാണ് ഇവിടുത്തേത്.

ബിരിയാണി കഴിക്കാൻ ഭക്തർ മാത്രമേ എത്താവൂ എന്ന നിബന്ധനയൊന്നും ഇവിടെ ഇല്ല. ഉത്സവം നടക്കുന്ന മൂന്ന് ദിവസങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ആർക്കുംപ്രസാദം കിട്ടും. ഉത്സവദിവസം 50 വലിയ കുട്ടകളിൽ അരിയും ഇറച്ചിയും മസാലക്കൂട്ടുകൾ ചേർത്ത് പാകമാക്കാനിടും. വിറകടുപ്പിലെ തീയിൽ രാത്രിയിരുന്ന് വെന്ത് തയ്യാറായ നല്ല അസ്സൽ ബിരിയാണി രാവിലെ അഞ്ച് മണി മുതൽ വിളമ്പി തുടങ്ങും. എല്ലാവർഷവും ജനുവരിയിലാണ് ഇവിടെ ഉത്സവം. ഇത്തവണത്തെ ഉത്സവത്തിന് നാലായിരം കിലോ ബിരിയാണിയാണ് അധികൃതർ വിളമ്പിയത് !