photo
മുണ്ടയ്ക്കൽ തുമ്പറ പുളിമൂട് റോഡ്

പൈപ്പിടൽ ആരംഭിച്ചിട്ട് 9 മാസം

പൈപ്പിടാൻ ഇനിയും 700 മീറ്റർ ബാക്കി

കൊല്ലം: കുടിവെള്ള പൈപ്പിടാൻ വെട്ടിപ്പൊളിച്ച മുണ്ടയ്ക്കലിലെ റോഡ് ഒൻപത് മാസം കഴിഞ്ഞിട്ടും റീ ടാറിംഗ് നടത്താതെ അധികൃതരുടെ അനാസ്ഥ. മുണ്ടയ്ക്കൽ പടിഞ്ഞാറ് ഭാഗത്തെ റോഡുകളാണ് മാസങ്ങളായി തകർന്ന് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുന്നത്.

അരനൂറ്റാണ്ടോളം മുമ്പ് സ്ഥാപിച്ച പൈപ്പ് ലൈനാണ് ഇവിടെ ഉണ്ടായിരുന്നത്. പലയിടങ്ങളിലും തുടർച്ചയായി പൈപ്പ് പൊട്ടി ജലവിതരണം മുടങ്ങുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ഞാങ്കടവ് പദ്ധതിയിലൂടെ പ്രദേശത്ത് വെള്ളമെത്തുമ്പോൾ നിലവിലെ പൈപ്പുകളുടെ ശേഷി മതിയാകാതെവരുമെന്ന വിലയിരുത്തലിലാണ് അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി പൈപ്പുകൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്.

9 മാസം മുമ്പ് ജോസ് ആർട്സ് പ്രസിന് മുന്നിൽ കെ.പി. അപ്പൻ റോഡിൽ നിന്നുമാണ് പൈപ്പിടീൽ ജോലികൾ തുടങ്ങിയത്. റോഡിന്റെ നടുവിലൂടെയാണ് പഴയ പൈപ്പ് കടന്നുപോയിരുന്നത്. പഴയ പൈപ്പുകൾ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ച് തുടങ്ങി 700 മീറ്റർ ദൂരം ശേഷിക്കുമ്പോൾ നിർമ്മാണ ജോലികൾ മുടങ്ങി. എന്നാൽ പുതിയ പൈപ്പ് സ്ഥാപിച്ച് കഴിഞ്ഞ ഇടങ്ങളിലെ റോഡിന്റെ ടാറിംഗ് നടത്തിയില്ല. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ബുദ്ധിമുട്ടിലായി.

ടാറിംഗിന്റെ മുക്കാൽ പങ്കും ഇളക്കി മാറ്റിയ ശേഷമാണ് പൈപ്പ് ലൈൻ കുഴിയെടുത്തത്. ഇതുവരെയും ടാറിംഗ് നടത്താൻ നടപടി ഉണ്ടാകാത്തതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ശേഷിക്കുന്ന ഭാഗത്ത് പൈപ്പ് പുനഃസ്ഥാപിക്കുന്ന ജോലികൾ വൈകുന്നതിന്റെ കാരണവും വ്യക്തമല്ല. ഇവിടെ പൈപ്പിടീൽ ജോലികൾ വീണ്ടും തുടങ്ങിയാലും പൂർത്തിയാകാൻ രണ്ട് മാസം കുറഞ്ഞത് വേണ്ടി വരും. മഴക്കാലത്തിന് മുമ്പായി റീ ടാറിംഗ് നടന്നില്ലെങ്കിൽ ജനങ്ങൾ കൂടുതൽ ദുരിതമനുഭവിക്കേണ്ടി വരും.

വൈദ്യുതി കേബിളും വെട്ടിപ്പൊളിച്ചു

സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിന് മുന്നിൽ നിന്ന് എച്ച് ആൻഡ് സി വരെയുള്ള റോഡും വെട്ടിപ്പൊളിച്ചിരിക്കുകയാണ്. വൈദ്യുതി കേബിളിടാനാണ് ഇവിടെ ഒരു കിലോമീറ്റർ ദൂരത്തിൽ പൊതുമരാമത്ത് റോഡ് മാസങ്ങൾക്ക് മുമ്പ് വെട്ടിപ്പൊളിച്ചത്. എന്നാൽ ഈ റോഡും റീ ടാറിംഗ് നടത്താൻ നടപടിയായിട്ടില്ല.

മേയർക്ക് നിവേദനം നൽകി

മുണ്ടയ്ക്കൽ ഭാഗത്തെ തകർന്ന റോഡുകൾ അടിയന്തരമായി റീ ടാറിംഗ് നടത്തണമെന്ന് മുണ്ടയ്ക്കൽ വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. പൈപ്പ് ലൈൻ പുനഃസ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് ഇപ്പോൾ തീർത്തും നശിച്ചിരിക്കുകയാണ്. ശേഷിക്കുന്ന ഭാഗത്ത് പൈപ്പിടുന്ന ജോലികൾ പൂർത്തിയാക്കണം. മേയർ വി. രാജേന്ദ്രബാബുവിനെ നേരിൽക്കണ്ട് വിഷയം ചൂണ്ടിക്കാട്ടി ഭാരവാഹികൾ നിവേദനം നൽകി.