ntu

കൊല്ലം: ദേശീയ അദ്ധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന സമ്മേളനം 7 മുതൽ 9 വരെ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകിട്ട് 5ന് സമ്പൂർണ സംസ്ഥാന കമ്മിറ്റിയോടെ സമ്മേളനം ആരംഭിക്കും. 8ന് രാവിലെ 9.45ന് എ.ബി.ആർ.എസ്.എം അഖില ഭാരതീയ സംഘടനാ സെക്രട്ടറി മഹേന്ദ്ര കപൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ പങ്കെടുക്കും. എൻ.ടി.യു സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദൻ അദ്ധ്യക്ഷത വഹിക്കും. 800 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. 11.45ന് സുഹൃദ് സമ്മേളനം ബി.ജെ.പി സംസ്ഥാന ട്രഷറർ എം.എസ്. ശ്യാംകുമാറും ഉച്ചയ്ക്ക് 2.30ന് സംഘടനാ സമ്മേളനം എ.ബി.ആർ.എസ്.എം പ്രാന്തീയ സംഘടനാ സെക്രട്ടറി കെ. മോഹന കണ്ണനും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 7ന് ചേരുന്ന വൈചാരിക സഭയിൽ 'നവോത്ഥാനം ഒരു പുനർവായന" എന്ന വിഷയത്തിൽ ആർ.എസ്.എസ് പ്രാന്തകാര്യകാരി സദസ്യൻ കാ.ഭാ. സുരേന്ദ്രൻ പ്രഭാഷണം നടത്തും. രാത്രി 8ന് സാംസ്കാരിക പരിപാടികൾ. 9-ാം തീയതിയിലെ സമ്മേളന നടപടികൾ രാവിലെ 9.45ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻനായർ ഉദ്ഘാടനം ചെയ്യും. മുൻ കളക്ടർ സി.വി. ആനന്ദബോസ് പങ്കെടുക്കും. 11.30ന് യാത്ര അയപ്പ് സമ്മേളനം ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസും ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ സമ്മേളനം കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി ഡോ. സത്യപാൽ സിംഗും ഉദ്ഘാടനം ചെയ്യും. 3.30ന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. വൈകിട്ട് 4ന് ചിന്നക്കടയിലെ പൊതുസമ്മേളന വേദിയിലേക്ക് അദ്ധ്യാപക പ്രകടനം. പൊതുസമ്മേളനം ചലച്ചിത്ര സംവിധായകൻ അലി അക്ബർ ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ ടി.ജെ. ഹരികുമാർ, എൻ.ടി.യു ജനറൽ സെക്രട്ടറി പി.എസ്. ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ആർ. ജയകൃഷ്ണൻ എന്നിവരും പങ്കെടുത്തു.