സ്ഥലപരിമിതിയെന്ന തടസം ഇനിയില്ല നവീകരണത്തിന് 29 ലക്ഷം രൂപ
ചെക്ക് പോസ്റ്റിൽ മികച്ച സൗകര്യങ്ങൾ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും
പുനലൂർ: അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്ഥലപരിമിതി തടസമായിരുന്ന പാൽ പരിശോധനാ ചെക്ക് പോസ്റ്റിന് ഇനി സ്വന്തം കെട്ടിടം. തമിഴ്നാട് അതിർത്തിയോട് ചേർന്ന ആര്യങ്കാവിലെ വാണിജ്യ നികുതി വകുപ്പിന്റെ ചെക്ക്പോസ്റ്റ് കെട്ടിടമാണ് ഇതിനായി ക്ഷീര വകുപ്പിന് കെൈമാറിയത്. നിലവിൽ തെന്മലയിലുള്ള താത്കാലിക ചെക്ക്പോസ്റ്റ് മാത്രമാണ് ക്ഷീരവകുപ്പിന് ഉള്ളത്. ഇതാണ് ആര്യങ്കാവിലേക്ക് മാറ്റിസ്ഥാപിക്കുന്നത്. കെട്ടിടത്തിന്റെ നവീകരണത്തിനായി 29 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
കെട്ടിടം മോടിപിടിപ്പിക്കുന്നതിനൊപ്പം അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പാൽ പരിശോധിക്കാൻ ആധുനിക സൗകര്യങ്ങളോടെ കെമിക്കൽ ആൻഡ് ബയോളജിക്കൽ ലാബുകളും ഇവിടെ സജ്ജീകരിക്കും. ജൂൺ ഒന്നോടുകൂടി ചെക്ക് പോസ്റ്റിൽ പാൽ പരിശോധന ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2018 മേയ് മാസത്തിലാണ് തെന്മല ജംഗ്ഷനിലെ ഇടുങ്ങിയ കെട്ടിടത്തിൽ പാൽ പരിശോധനയ്ക്കുള്ള ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. എന്നാൽ സ്ഥലകസൗകര്യം വില്ലനാകുകയായിരുന്നു. പലപ്പോഴും ഗതാഗതക്കുരുക്കിനും കാരണമായി. ഇതിനാണ് ഒടുവിൽ പരിഹാരമായത്. ജി.എസ്.ടി. നിലവിൽ വന്നതോടെ ഒന്നരവർഷമായി ആര്യങ്കാവിലെ വാണിജ്യനികുതി ചെക്ക് പോസ്റ്റ് പ്രവർത്തനരഹിതമായിരുന്നു. ഇതോടെയാണ് കെട്ടിയം ക്ഷീരവകുപ്പിന് വിട്ടുനൽകാൻ ധാരണയായത്.
നവീകരണ ജോലികൾ പൂർത്തിയാക്കി ജൂൺ ഒന്നിന് പാൽ പരിശോധനാ ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിക്കും. മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനായി ക്ഷീരവകുപ്പ് 29 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നവീകരിക്കുന്ന കെട്ടിടത്തിൽ ഓഫീസ്, ലാബ് എന്നിവയ്ക്ക് പുറമെ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളും സജ്ജമാക്കും. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിനാണ് നിർമ്മാണ ചുമതല
ആർ. സുബ്രഹ്മണ്യൻപിള്ള, ജില്ലാ ക്വാളിറ്റി കൺട്രോളിഗ് ഓഫീസർ, ക്ഷീര വകുപ്പ്