mithra

കൊല്ലം: ബന്ധുവിനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ചപ്പോൾ മറ്റുള്ളവർക്കു മുന്നിൽ ന്യായീകരിക്കാൻ അവളൊരു നുണ മെനഞ്ഞു: അമ്മയ്‌ക്ക് സ്വഭാവദൂഷ്യം! കല്ലുവച്ച കള്ളത്തിന് വിശ്വസനീയത കിട്ടാൻ പൊലീസിൽ പരാതിയും നൽകി. കേസായി. നാട്ടുകാരുടെ അവഹേളനങ്ങൾക്കു മുന്നിൽ ആ അമ്മ തലകുനിച്ചു നിന്നപ്പോൾ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മനസിൽ വിഷം കുത്തിവച്ചത് കാമുകനെന്ന് ആരുമറിഞ്ഞില്ല. പാവം, അമ്മയുടെ കണ്ണീരിന്റെ സത്യം കേൾക്കാൻ 'മിത്ര'യേ ഉണ്ടായിരുന്നുള്ളൂ. ഒടുവിൽ 'മിത്ര'യുടെ കൈപിടിച്ച് അവൾ അമ്മയുടെ സ്നേഹത്തണലിലേക്കു മടങ്ങിയെത്തി.

സംസ്ഥാന സർക്കാരിനു കീഴിൽ, സ്ത്രീസുരക്ഷ ലക്ഷ്യമിടുന്ന 'മിത്ര 181'- ന്റെ പ്രവർത്തകർക്കു പറയാൻ ഇങ്ങനെ ഒരുപാട് കഥകളുണ്ട്. 2017 മാർച്ചിൽ പ്രവർത്തനമാരംഭിച്ച 'മിത്ര'യുടെ ആശ്രയം തേടി എത്തിയത് രണ്ടുലക്ഷത്തോളം കാളുകൾ. അതിലൊരാളാണ്, ഈ അമ്മ. കാമുകന്റെ മധുരവാക്കിൽ കുടുങ്ങി, സ്‌കൂൾ പഠനം ഉപേക്ഷിച്ച മകളെ തിരികെയെത്തിക്കുക മാത്രമല്ല മിത്ര ചെയ്തത്- കാമുകന് എതിരെ കേസ് ഫയൽ ചെയ്തു. പക്വതയില്ലാത്ത പ്രായത്തിൽ സംഭവിച്ച തെറ്റിൽ നിന്ന് അവളെ മോചിപ്പിക്കാൻ ചൈൽഡ്ലൈൻ പ്രവർത്തരുടെ കൗൺസലിംഗിന് എത്തിച്ചു. കഴിഞ്ഞതോർക്കുമ്പോൾ അവൾക്കാണ് സങ്കടം- അമ്മയെക്കുറിച്ച് നുണ പ്രചരിപ്പിച്ചല്ലോ!

ഇത്തരം അവസരങ്ങളിൽ മാത്രമല്ല, ഗാർഹിക പീഡനം, പൊതുസ്ഥലത്തെ ശല്യംചെയ്യൽ, ഫോൺവഴിയുള്ള അശ്ലീല സംഭാഷണം.... തുടങ്ങി സുരക്ഷയും അന്തസ്സും ചോദ്യംചെയ്യപ്പെടുന്ന ഏതു ഘട്ടത്തിലും സ്ത്രീകൾക്ക് മിത്രയിലേക്കു വിളിക്കാം.

മാനസിക വളർച്ച കുറഞ്ഞ പതിനെട്ടുകാരി, ക്ളാസ് കഴിഞ്ഞ് വീട്ടിലേക്കു പോകാൻ മടിക്കുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് കൊല്ലത്തെ ഒരു സ്കൂളിലെ ടീച്ചർമാ‌‌ർ മിത്രയുടെ സഹായം തേടിയത്. അന്വേഷിച്ചപ്പോൾ വർഷങ്ങളായി പെൺകുട്ടി പിതാവിന്റെ ലൈംഗികപീഡനങ്ങൾക്ക് ഇരയാവുകയാണെന്നറിഞ്ഞു. ഇയാൾക്കെതിരെ കേസ് രജിസ്ടർ ചെയ്യിക്കാനും കുട്ടിക്ക് സുരക്ഷിത താമസമൊരുക്കാനും മിത്ര മുന്നിൽനിന്നു.

മിത്ര 181

1. മിത്രയുടെ 181 നമ്പറിലേക്ക് ഒരു കാൾ മതി- ബന്ധപ്പെട്ട ഏജൻസികൾക്കു വിവരം കൈമാറി,​ നടപടി പൂർത്തിയാകും വരെ മിത്ര കൂടെയുണ്ടാകും.

2.ഗാർഹിക പീഡനം, യാത്രാവേളയിലെ ശല്യപ്പെടുത്തൽ, പരസ്യ മദ്യപാനം, അശ്ലീല ഫോൺ സംഭാഷണം, കുട്ടികളെ പീഡിപ്പിക്കൽ, സ്‌ത്രീകളെ കാണാതാകൽ തുടങ്ങിയ പ്രശ്നങ്ങളിൽ ഇടപെടും.

3. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഫോണിലൂടെയും അല്ലാതെയും കൗൺസലിംഗ് .

4.തിരുവനന്തപുരം ടെക്നോ പാർക്കിലാണ് മിത്ര കൺട്രോൾ റൂം. മാനേജരും മൂന്നു സൂപ്പ‌ർവൈസർമാ‌രും ഉൾപ്പെടെ 14 ജീവനക്കാർ.

''കാളുകൾ ലഭിക്കുമ്പോൾത്തന്നെ പരിശോധിച്ച് നടപടി സ്വീകരിക്കും. നിയമസംബന്ധമായ സംശയങ്ങൾ മാത്രമല്ല, മറ്റു പൊതുകാര്യങ്ങൾ അറിയാനും നിരവധി പേർ സഹായം തേടാറുണ്ട്.''

ദിവ്യ, മാനേജർ,

മിത്ര കാൾ സെന്റർ