കൊല്ലം /കരുനാഗപ്പള്ളി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദപ്രസംഗത്തിന്റെ പേരിൽ കുരുക്കിലായ നടൻ കൊല്ലം തുളസി ചവറ പൊലീസിൽ കീഴടങ്ങി. പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധിയോടെ, രണ്ട് ആൾ ജാമ്യത്തിൽ ചവറ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇന്നലെ രാവിലെ പത്തു മണിയോടെ കൊല്ലം തുളസി ചവറ സി.ഐ എസ്.ചന്ദ്രദാസിനു മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, അദ്ദേഹത്തെ കരുനാഗപ്പള്ളിയിലെ റിക്കാർഡിംഗ് സ്റ്റുഡിയോയിലെത്തിച്ച് ശബ്‌ദപരിശോധന നടത്തി. പരാതിക്ക് ഇടയാക്കിയ പ്രസംഗം നടന്റേതു തന്നെയാണെന്ന് തെളിയിക്കുന്നതിനായിരുന്നു ഇത്. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കസ്റ്റഡിയിൽ ആവശ്യമില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
ബി.ജെ.പി നേതാവ് പി.എസ്.ശ്രീധരൻപിള്ള നയിച്ച ശബരിമല വിശ്വാസ സംരക്ഷണ യാത്രയ്‌ക്ക് കഴിഞ്ഞ ഒക്ടോബർ 12ന് ചവറയിൽ നൽകിയ സ്വീകരണ യോഗത്തിലായിരുന്നു തുളസിയുടെ സ്‌ത്രീവിരുദ്ധ പ്രസംഗം. ആചാരം ലംഘിച്ച് ശബരിമല ദർശനം നടത്തുന്ന യുവതികളെ വലിച്ചു കീറി ഒരു കഷണം മുഖ്യമന്ത്രിക്കു മുന്നിലേക്കും ഒരു കഷണം ഡൽഹിയിലേക്കും വലിച്ചെറിയണമെന്ന പരാമർശമാണ് വിനയായത്.
ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് ചവറ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നെങ്കിലും, ആവേശത്തിൽ പറഞ്ഞു പോയതാണെന്ന് തുളസി ഖേദം പ്രകടിപ്പിച്ച് നൽകിയ മാപ്പപേക്ഷ പരിഗണിച്ച് നടപടികൾ അവസാനിപ്പിച്ചു.'എല്ലാം അയ്യപ്പന്റെ കടാക്ഷം' എന്നായിരുന്നു ജാമ്യം ലഭിച്ച തുളസിയുടെ പ്രതികരണം.