അബുദാബി:ലോകത്ത് സഹവർത്തിത്വവും സഹിഷ്ണുതയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായി അബുദാബിയിൽ സംഘടിപ്പിച്ച ആഗോള മാനവ സാഹോദര്യ ചരിത്ര സംഗമത്തിൽ പങ്കെടുക്കാനെത്തിയ മാതാ അമൃതാനന്ദമയീ മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും ലോക കത്തോലിക്ക സഭയുടെ അദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയും കൂടിക്കാഴ്ച നടത്തി.
എല്ലാ മതങ്ങളും സൃഷ്ടിക്കപ്പെട്ടത് മനുഷ്യ സമാധാനത്തിന് വേണ്ടിയാണെന്ന ആഹ്വാനത്തോടെ നടന്ന ചരിത്ര കോൺഫറൻസ് പ്രമുഖ മത മേലദ്ധ്യക്ഷന്മാരായ ഫ്രാൻസിസ് മാർപാപ്പയുടെയും ഈജിപ്‌റ്റിലെ അൽ അസ്ഹർ മസ്ജിദ് ഗ്രാൻഡ് ഇമാമും മുസ്ലീം എൽഡേഴ്‌സ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് അൽ തയ്യിബിന്റെയും കൂടിക്കാഴ്ചയോടെയാണ് സമാപിച്ചത്.
സൂര്യനു കീഴിലുള്ള സൃഷ്ടികളുടെ ഏത് അംശത്തെ ഉപദ്രവിച്ചാലും നശിപ്പിച്ചാലും നമ്മുടെ തന്നെ അംശത്തെയാണ് നശിപ്പിക്കുന്നതെന്ന തിരിച്ചറിവ് എപ്പോഴും ഉണ്ടാകണമെന്ന് സംഗമത്തിൽ സംസാരിച്ച സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.
700ലധികം മതനേതാക്കളും ലോകമെമ്പാടും നിന്നുമുള്ള ബുദ്ധിജീവികളും സാംസ്‌കാരിക, മാദ്ധ്യമ പ്രമുഖരും പങ്കെടുത്ത കോൺഫറൻസ് മാനവ സാഹോദര്യത്തിന്റെ വിവിധ ആശയങ്ങൾ ചർച്ച ചെയ്തു.
നവംബറിന് ശേഷം സ്വാമി അമൃതസ്വരൂപാനന്ദപുരി അബുദാബിയിൽ പങ്കെടുക്കുന്ന രണ്ടാമത്തെ മതസൗഹാർദ്ദ പരിപാടിയാണിത്. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ അന്തസ് സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ അബുദാബി ഇന്റർഫെയ്‌ത്ത് ഉച്ചകോടിയിൽ മാതാ അമൃതാനന്ദമയിയോടൊപ്പമായിരുന്നു ആദ്യ സമ്മേളനം.