cpim

കൊല്ലം: സി.പി.ഐ കൊല്ലം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം നടപ്പാക്കും മുമ്പ് എൻ. അനിരുദ്ധൻ രാജി വച്ചേക്കും.

അനിരുദ്ധനെ മാറ്റാൻ തിങ്കളാഴ്ച ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് വീണ്ടും തീരുമാനിച്ചതോടെയാണ് രാജിയെ പറ്റി അദ്ദേഹം അടുപ്പമുള്ളവരോട് സൂചിപ്പിച്ചത്.
കഴിഞ്ഞ സംസ്ഥാന എക്സിക്യൂട്ടീവിലും അനിരുദ്ധനെ മാറ്റാൻ തീരുമാനിച്ചിരുന്നെങ്കിലും ജില്ലാ കൗൺസിലിലെ ചേരിതിരിവ് കാരണം നടപ്പാക്കാനായില്ല. തൽക്കാലം എൻ. അനിരുദ്ധൻ തുടരട്ടെയെന്ന ധാരണയിലാണ് അന്ന് ജില്ലാ കൗൺസിൽ പിരിഞ്ഞത്. തിങ്കളാഴ്ച സംസ്ഥാന എക്സിക്യൂട്ടീവ് വീണ്ടും ചർച്ച ചെയ്താണ് അനിരുദ്ധനെ നീക്കാൻ നിശ്ചയിച്ചത്. പകരം ആരെയും നിശ്ചയിക്കേണ്ടെന്നും തീരുമാനിച്ചു. കഴിഞ്ഞ തവണ ആർ. രാജേന്ദ്രനെ നിർദ്ദേശിച്ചത് ജില്ലാ കൗൺസിലിൽ ചേരിപ്പോര് രൂക്ഷമാക്കിയതാനാലാണ് ഇങ്ങനെ തീരുമാനിച്ചത്. ജില്ലാ കൗൺസിൽ പുതിയ ആളെ തീരുമാനിക്കട്ടെയെന്നാണ് നിർദ്ദേശം.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റുമ്പോൾ കീഴ്‌വഴക്കമനുസരിച്ച് സംസ്ഥാന എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്താറുണ്ട്. ജില്ലാ സെക്രട്ടറിമാരായിരുന്ന നാരായണനുണ്ണി, കെ.പി. ചന്ദ്രൻ, കെ.ആർ. ചന്ദ്രമോഹൻ, കെ. പ്രകാശ്ബാബു, കെ.സി. പിള്ള എന്നിവരെയൊക്കെ സംസ്ഥാന എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിരുന്നു. കൊല്ലം പാർട്ടി കോൺഗ്രസിൽ അനിരുദ്ധനെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നു. ദേശീയ കൗൺസിസിലുള്ളവരെ സംസ്ഥാന എക്സിക്യൂട്ടിവിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്നെ അങ്ങനെയും പരിഗണിക്കാത്തതിൽ അനിരുദ്ധൻ ഖിന്നനാണ്. രാജിവച്ചാലും അച്ചടക്കമുള്ള പാർട്ടി അംഗമായി തുടരാനാണ് തീരുമാനം. സ്ഥാനമൊഴിയാൻ നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചിരുന്നിട്ടും പാർട്ടി നേതൃത്വം ആശയവിനിമയം പോലും നടത്താതെ അദ്ദേഹത്തെ മാറ്റാൻ ശ്രമിക്കുന്നതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെന്നാണ് സൂചന.