apakadam
രാജസ്ഥാനിൽ അപകടത്തിൽ മരിച്ച ബിനുശേഖർ

പുനലൂർ: രാജസ്ഥാനിൽ കാർ അപകടത്തിൽ മരിച്ച പുനലൂർ ഇളമ്പൽ ആരംപുന്ന ബിനുഭവനിൽ ബിനുശേഖറിന്റെ (45) മൃതദേഹം നാളെ പുലർച്ചെ നട്ടിലെത്തിക്കും. ഞായറാഴ്ച രാത്രി 11മണിയോടെ ജയ്‌പൂരിനും ഉദയപൂരിനും മദ്ധ്യേ വലോറി എന്ന സ്ഥലത്ത് കാറും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിൽ ബിനു ശേഖറിനോടൊപ്പം ഉണ്ടായിരുന്ന തകഴി പൂമംഗലം സുരേഷ്‌കുമാർ (52), പുന്നപ്ര അറവുകാട് കൊച്ചാലുംപറമ്പിൽ അനിൽകുമാർ (52) എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളും മരിച്ചു.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണ വിവരം ബന്ധുക്കൾ അറിഞ്ഞത്. സൗദി അറേബ്യയിലെ റിയാദിൽ നിന്ന് ഒരുമാസത്തെ അവധിക്ക് നാട്ടിൽ വന്ന ബിനുശേഖർ രാജസ്ഥാനിൽ നേഴ്സായ ഭാര്യ പ്രീതയെ കാണാൻ ഒരാഴ്ച മുമ്പാണ് ആരംപുന്നയിലെ വീട്ടിൽ നിന്ന് രാജസ്ഥാനിലേക്ക് പോയത്. ഇന്ന് ഗൾഫിലേക്ക് മടങ്ങി പോകേണ്ടതായിരന്നു. വ്യാഴാഴ്ച പുലർച്ച നാട്ടിൽ കൊണ്ടുവരുന്ന മൃതദേഹം രാവിലെ 10.30ന് വീട്ടുവളപ്പിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ: അർച്ചന ബി.നായർ, ആരോമൽ ബി.നായർ.