പത്തനാപുരം: കുരിയോട്ടുമല കുടിവെള്ള പദ്ധതിയുടെ പൈപ്പുപൊട്ടി ജലം പാഴാകുന്നത് പതിവാകുന്നു.
പദ്ധതിയുടെ ഭാഗമായി പത്തനാപുരം കല്ലുംകടവ് പഴയപാലത്തിൽ സ്ഥാപിച്ച പൈപ്പാണ് തുടർച്ചയായി പൊട്ടുന്നത്. ഞായറാഴ്ച്ച മുതൽ പൈപ്പിൽ നിന്നുള്ള ജലം ചോർന്ന് കല്ലുംകടവ് തോട്ടിലേക്കാണ് ഒഴുകുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ പൈപ്പിലെ വിള്ളൽ വലുതാകുകയും മീറ്ററുകളോളം ഉയരത്തിൽ വെള്ളം ചീറ്റിയൊഴുകാനും തുടങ്ങി. ഇത്തരത്തിൽ മണിക്കൂറുകളോളം വെള്ളം പാഴായിട്ടും സന്ധ്യയോടെയാണ് അധികൃതരെത്തി താത്കാലികമായെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയത്.
പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുരിയോട്ടുമല കുടിവെള്ള പദ്ധതി ആരംഭിച്ചത്. പത്തനാപുരം പഞ്ചായത്തിലുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് പത്തനാപുരം ഗവ.ആശുപത്രിക്ക് സമീപമുള്ള ടാങ്കിൽ എത്തിച്ച ശേഷമാണ് ജലവിതരണം നടത്തുന്നത്.
രാവിലെ ആരംഭിക്കുന്ന പമ്പിംഗ് വൈകിട്ട് അഞ്ച് മണിയോടെ മാത്രമാണ് അവസാനിക്കുക.കല്ലടയാറ്റിൽ നിന്നുള്ള ജലം കുരിയോട്ടുമലയിലുള്ള പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച ശേഷമാണ് വിതരണം ചെയ്യുന്നത്. ഇതാണ് പൈപ്പുപൊട്ടൽ കാരണം അടിക്കടി മുടങ്ങുന്നത്. വെള്ളം ശക്തമായി ഒഴുകിയതിനാൽ പഴയപാലത്തിന്റെ ഒരു ഭാഗത്തെ മൺഭിത്തിയും ഇടിഞ്ഞുതാണിട്ടുണ്ട്.