rivar
വേനൽ രൂക്ഷമായതോടെ ഉണങ്ങി വരണ്ട്ആര്യങ്കാവ് പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കഴുതുരുട്ടി ആറ്

പുനലൂർ: വേനൽ കടുത്തതോടെ കിഴക്കൻ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. ഉറവകൾ വരണ്ടു. കിണറുകളിലും കുളങ്ങളിലും നീർച്ചാലുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. വേനൽമഴ ലഭിക്കാത്തതും വേനൽ രൂക്ഷമാകാൻ കാരണമായി. മുൻ വർഷങ്ങളിൽ കാര്യമായതോതിൽ വേനൽ മഴ ലഭിച്ചിരുന്നു. ചുട്ടുപൊളളുന്ന ചൂടാണ് പുനലൂരിലും സമീപ പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.

തെന്മല പരപ്പാർ അണക്കെട്ടിന്റെ കൈവഴികളായ കഴുതുരുട്ടി, കുളത്തൂപ്പുഴ,ശെന്തുരുണി അടക്കമുളളവ വരണ്ടതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. നാട്ടുകാർ തുണി അലക്കുന്നതും കുളിക്കുന്നതും മറ്റും ഈ ചെറു നദികളിലായിരുന്നു. ജനങ്ങൾ വെള്ളത്തിനായി പരക്കംപായാൻ തുടങ്ങി.

വേനൽക്കാല ജലവിതരണത്തിനായി തെന്മല പരപ്പാർ അണക്കെട്ടിൽ ആവശ്യത്തിന് വെള്ളം ശേഖരിച്ചിട്ടുണ്ടെങ്കിലും സമീപ വാസികൾക്ക് ഗുണം ചെയ്യില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അണക്കെട്ടിൽ വൈദ്യുതി ഉല്പാദിപ്പിച്ചശേഷം കല്ലടയാറ്റിലൂടെ ഒഴുക്കി വിടന്ന വെള്ളം ഒറ്റക്കൽ ലുക്കൗട്ട് തടയണയിൽ എത്തും. തുടർന്ന് കല്ലട ഇറിഗേഷന്റെ ഇടത്-വലത് കനാലുകൾ വഴി ഒഴുക്കി വിടുകയാണ്. ഇതുകാരണം ഒറ്റക്കൽ ലുക്ക് ഒൗട്ട് തടയണക്ക് താഴോട്ടുളള കല്ലടയാർ വഴി വെള്ളം എത്താത്തതും സമീപവാസികളെ വലയ്ക്കുന്നു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വേനൽക്കാല കൃഷികളെ ലക്ഷ്യമിട്ടാണ് കനാലുകൾ വഴി ജലവിതരണം നടത്തുന്നത്. കനാലുകൾ കടന്ന് പോകുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് ജലക്ഷാമം അനുഭവപ്പെടാറില്ല.

ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങൾ

1.നഗരസഭാ പരിധിയിലുള്ള ശാസ്താംകോണം, കല്ലാർ, കല്ലുമല, കോമളംകുന്ന്, പ്ലാച്ചേരി, മുസാവരി,കേളൻകാവ്

2.കരവാളൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങൾ