പുത്തൂർ: ഇടവട്ടത്ത് ബി.ജെ.പി നേതാവിന്റെയും അനുജന്റെയും വീടുകൾക്ക് നേരെ ആക്രമണം. മാറനാട് തെക്ക് അരുണോദയത്തിൽ അരവിന്ദാക്ഷൻ നായർ, അനുജൻ ഇടവട്ടം കാവിന്റെ കിഴക്കേതിൽ അനിൽകുമാർ എന്നിവരുടെ വീടുകളാണ് ആക്രമിച്ചത്.
ബി.ജെ.പി കുന്നത്തൂർ മണ്ഡലം കമ്മിറ്റി അംഗമാണ് അരവിന്ദാക്ഷൻ നായർ. ഇയാളുടെ നിർമ്മാണത്തിലിരിക്കുന്ന വീടാണ് തിങ്കളാഴ്ച രാത്രി ആക്രമിച്ചത്. ജനൽച്ചില്ലുകൾ അടിച്ചുതകർക്കുന്ന ശബ്ദംകേട്ട് അരവിന്ദാക്ഷൻ നായർ പുറത്തിറങ്ങിയപ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അനിൽകുമാറിന്റെ വീട് ആക്രമിച്ചത്. വീടിനു മുന്നിലുള്ള വാട്ടർ ടാങ്ക് നശിപ്പിച്ചു. കഴിഞ്ഞദിവസം പൊരീക്കൽ ആലുംമുക്കിൽബൈക്ക് അപകടം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.