തൊടിയൂർ: വർഷങ്ങളായി യാത്രക്കാരെ വലച്ചിരുന്ന പൊതുമരാമത്ത് റോഡിനോട് ഒടുവിൽ അധികൃതരുടെ കൃപാകടാക്ഷം.തൊടിയൂർ ഗ്രാമപഞ്ചായത്തിലെ കോട്ടവീട്ടിൽ ജംഗ്ഷൻ - എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ റോഡിന്റെ പുനർനിർമ്മാണത്തിനാണ് കഴിഞ്ഞ ദിവസം തുടക്കമായത്. 1.326 കീലോമീറ്റർ ദൈർഘ്യമുള്ള റോഡ് ബി.എം.സി.ടി നിലവാരത്തിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 50 ലക്ഷം രൂപയാണ് ബഡ്ജറ്റിൽ ഇതിനായി അനുവദിച്ചത്.
തെക്കുഭാഗം, കോയിവിള അരിനെല്ലൂർ, തേവലക്കര, പന്മന പ്രദേശങ്ങളിൽ നിന്ന് ചാമ്പക്കടവ് പാലംവഴി വേഗത്തിൽ കരുനാഗപ്പള്ളിയിൽ എത്തിച്ചേരാവുന്ന റോഡാണിത്.കരുനാഗപ്പള്ളി, കായംകുളം ഡിപ്പോകളിൽ നിന്ന് മേൽപ്പറഞ്ഞ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി .സി സർവീസും നടത്തുന്നുണ്ട്. എന്നാൽ റോഡിന്റെ ശോച്യാവസ്ഥ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി പലതവണ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് ബന്ധപ്പെട്ടവർ അറിയിച്ചിരിക്കുന്നത്. ഇതോടെ നിരവധി നാളായുള്ള യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.