കരുനാഗപ്പള്ളി: കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന റിലേ നിരാഹാര സത്യഗ്രഹം നാളെ 100 ദിവസത്തിലേക്ക്. ചെറിയഴീക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സേവ് ആലപ്പാട് എന്ന വാട്ട്സ് ആപ് കൂട്ടായ്മയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. ഗ്രാമപഞ്ചായത്തിൽ ഇപ്പോൾ നടത്തുന്ന എല്ലാവിധ ഖനനവും അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സമരം നൂറാം ദിവസത്തിലേക്ക് എത്തിയിട്ടും ഒരുതവണയാണ് സമരക്കാരെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചത്. എന്നാൽ വ്യവസായ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ച പരാജയമായിരുന്നു. തുടർന്ന് സമരം കൂടുതൽ ശക്തമായി. പരിസ്ഥിതി പ്രവർത്തക ദയാബായി ഉൾപ്പടെ സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തി. സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ വെള്ളനാതുരുത്ത് മുതൽ വടക്കോട്ട് അഴീൽ വരെ 16 കിലോമീറ്റർ നീളത്തിൽ മെഴുകുതിരി തെളിച്ചും സമരസമിതി പ്രതിഷേധിച്ചിരുന്നു.
സമരത്തിന്റെ 100-ാം ദിവസമായ നാളെ 100 പേർ സത്യഗ്രഹ പന്തലിൽ നിരാഹാരം അനിഷ്ഠിക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഓരോ പിടി മണ്ണുമായി ആലപ്പാട്ട് എത്തുന്ന സന്നദ്ധ സംഘടനാ നേതാക്കൾ സമരത്തിന് പിന്തുണ പ്രഖ്യാപിക്കും. വൈകിട്ട് 5ന് സമരപ്പന്തലിന് സമീപം ഐക്യദാർഢ്യ സമ്മേളനം നടത്തും.