6-feb
എഴുകോൺ ഗ്രാമ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ അഴിമതി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്നും വാക്ക്ഔട്ട് നടത്തുന്നു

എഴുകോൺ: കഴിഞ്ഞ സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ അഴിമതി ആരോപിച്ച് എഴുകോൺ ഗ്രാമപഞ്ചായത്ത് യോഗത്തിൽ നിന്ന് യു.ഡ‌ി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. വൃദ്ധർക്ക് കട്ടിൽ, എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവ വാങ്ങിയതിലും എഴുകോൺ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് റിപ്പയർ ചെയ്തതിലും അഴിമതി ആരോപിച്ചായിരുന്നു പ്രതിഷേധം.

മൂന്നാം വാർഡിലെ ഇരുമ്പനങ്ങാട് അംഗൻവടിക്ക് അനുവദിച്ച ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറിയെന്നും അത് വിട്ടുകിട്ടണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർന്ന് നടന്ന യോഗത്തിൽ പാർലമെന്ററി പാർട്ടി ലീഡർ പാറക്കടവ് ഷെറഫ് , എസ്.എച്ച്. കനകദാസ്, ബാബു മണിയനാംകുന്നിൽ, രേഖ ഉല്ലാസ്, ശോശാമ്മ രാജൻ, കെ.എസ്. കിഷോർ, സുരേഷ് അരുമത്തറ തുടങ്ങിയവർ സംസാരിച്ചു.