കുണ്ടറ: ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കുണ്ടറ ഫയർസ്റ്റേഷൻ പരിധിയിലെ നാല് സ്ഥലങ്ങളിൽ ഒരേ സമയം തീപിടിച്ചത് ഫയർഫോഴ്സിനെ വലച്ചു. 2.50ന് പടപ്പക്കര കരിക്കുഴി ഭാഗത്ത് തീ പിടിച്ചെന്ന ഫോൺ സന്ദേശത്തെ തുടർന്നാണ് കുണ്ടറയിലെ യൂണിറ്റ് അവിടേക്ക് എത്തിയത്. മൂന്ന് ഏക്കറോളം വരുന്ന കുറ്റിക്കാടുകൾക്കാണ് തീപിടിച്ചത്. വാഹനമെത്താൻ കഴിയാത്ത സ്ഥലമായതിനാൽ വളരെ ബുദ്ധിമുട്ടിയാണ് തീ കെടുത്തിയത്.
3 മണിയോടെ എഴുകോൺ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം തീപിടിച്ചെന്ന് ഫോൺ സന്ദേശം ലഭിച്ചതോടെ കൊട്ടാരക്കര യൂണിറ്റിൽ നിന്ന് ഫയർഫോഴ്‌സെത്തി തീ കെടുത്തി. തൊട്ടുപിറകെ 3.10ഓടെ കാഞ്ഞിരകോട് നീരൊഴുക്കിൽ ഭാഗത്ത് റബർ തോട്ടത്തിന് തീപിടിച്ച സന്ദേശം എത്തിയതോടെ ശാസ്താംകോട്ട യൂണിറ്റിൽ നിന്ന് ഫോഴ്സിനെ വിളിക്കേണ്ടി വന്നു. ശാസ്താംകോട്ട നിന്ന് ഫയർഫോഴ്സ് യൂണിറ്റ് കാഞ്ഞിരകോട് എത്തിയപ്പോഴേക്കും തോട്ടത്തിന്റെ നല്ലൊരു ഭാഗവും കത്തിക്കഴിഞ്ഞിരുന്നു.
ആശുപത്രിമുക്ക് ഫെഡറൽ ബാങ്ക് കെട്ടിടത്തിന് സമീപം റെയിൽവേ ലൈനിനോട് ചേർന്ന് തീപിടിച്ചെന്നായിരുന്നു 3.20 ഓടെ ലഭിച്ച അടുത്ത സന്ദേശം. ഫെഡറൽ ബാങ്ക് ഉൾപ്പടെ നിരവധി സ്ഥാപനങ്ങളും ജനത്തിരക്കും ഉള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. കൊല്ലം ചാമക്കട യൂണിറ്റിൽ നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ചു. ഫയർ ഫോഴ്‌സ് എത്താൻ വൈകിയത് ചെറിയതോതിൽ ആശങ്കയുളവാക്കി. അപ്പോഴേക്കും കുണ്ടറ ഫയർ ഫോഴ്‌സ് യൂണിറ്റെത്തി തീ അണക്കുകയായിരുന്നു. ഒരേ സമയത്ത് നാലിടത്തുണ്ടായ തീപിടിത്തം ഫയർ ഫോഴ്‌സിന് വലിയ തലവേദനയാണ് സൃഷ്ടിച്ചതെങ്കിലും ഉദ്യോഗസ്ഥരുടെ കഠിന പ്രയത്നം മൂലം വലിയ അപകടമാണ് ഒഴിവായത്. വേനൽ കടുത്തതോടെ കുറ്റിക്കാടുകളിലും റബർ തോട്ടങ്ങളിലും തീപിടിത്തം വ്യാപകമായിരിക്കുകയാണ്.