kunnathoor
കുന്നത്തൂർ ഐവർകാല നടുവിൽ കല്ലേലി ഏലായിൽ നടന്ന കൊയ്ത്തുത്സവം പഞ്ചായത്തംഗം റ്റി.കെ പുഷ്പകുമാർ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ: വർഷങ്ങളായി തരിശു കിടന്ന പാടത്ത് കുടുംബശ്രീ പ്രവർത്തകർ നടത്തിയ നെൽക്കൃഷിയിൽ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. കുന്നത്തൂർ പഞ്ചായത്തിലെ ഐവർകാല നടുവിൽ കല്ലേലി ഏലായിലെ ഒരേക്കറോളം ഭാഗത്താണ് തണൽ കുടുംബശ്രീ പ്രവർത്തകർ മൂന്ന് മാസം മുമ്പ് നെൽകൃഷി നടത്തിയത്. പ്രളയത്തിനു മുമ്പ് ഇവിടെ പണകോരി വാഴ, ചേന, ചേമ്പ്, പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കൃഷി ചെയ്തിരുന്നെങ്കിലും വെള്ളം കയറി എല്ലാം നശിച്ചു. ഇതിനു ശേഷമാണ് നെൽക്കൃഷിയിലേക്ക് വഴിമാറിയത്.

കുടുംബശ്രീയിലെ 11 അംഗങ്ങൾ ഒത്തൊരുമയോടെ നടത്തിയ പ്രവർത്തനമാണ് വിജയത്തിന് കാരണമായത്. നിലംകിളച്ച് വൃത്തിയാക്കുന്നതു മുതൽ വിത്തിടീൽ, കള പറിക്കൽ, വളപ്രയോഗം തുടങ്ങി നെല്ല് കൊയ്യുന്നതു വരെ ഇവരുടെ നേതൃത്വത്തിലാണ് നടന്നത്. 'പ്രതീക്ഷ' ഇനത്തിലുള്ള വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. വാർഡ് മെമ്പർ ടി.കെ. പുഷ്പകുമാർ കൃഷിക്കാവശ്യമായ പ്രോത്സാഹനം നൽകിയതും പ്രചോദനമായി. കൊയ്‌തെടുത്ത നെല്ല് അരിയാക്കി വില്പന നടത്താനാണ് ഇവരുടെ തീരുമാനം.

തുടർന്നും കല്ലേലി ഏലായിലെ കൂടുതൽ തരിശ് മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. വേനൽക്കാലമായതിനാൽ കനാൽ വെള്ളത്തെ ആശ്രയിച്ചാകും കൃഷി. കല്ലേലി ഏലായിൽ ഉത്സവാന്തരീക്ഷത്തിൽ നടന്ന വിളവെടുപ്പ് കുന്നത്തൂർ പഞ്ചായത്തംഗം ടി.കെ പുഷ്പകുമാർ ഉദ്ഘാടനം ചെയ്തു. റബേക്ക അദ്ധ്യക്ഷത വഹിച്ചു.