കരുനാഗപ്പള്ളി: ഇടതുപക്ഷ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നതായി മുൻ രാജ്യസഭാംഗം കെ.എൻ. ബാലഗോപാൽ പറഞ്ഞു. കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ച സോഷ്യൽ മീഡിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ ജനപക്ഷത്തുനിന്നുകൊണ്ടുള്ള ബദലുകൾ ഉണ്ടാകണം. ആധുനിക സാങ്കേതികവിദ്യയുടെയും നവമാദ്ധ്യമങ്ങളുടെയും സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാപ്പെക്സ് ചെയർമാൻ പി .ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, പി .കെ. ബാലചന്ദ്രൻ, നഗരസഭാ ചെയർപെഴ്സൺ എം. ശോഭന, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. 4 കമ്പ്യൂട്ടറുകൾ, ഒരു ലാപ്ടോപ്പ്, ടാബ്, കളർ പ്രിന്റർ, സ്മാർട്ട് ഫോൺ തുടങ്ങിയ ആധുനിക സംവിധാനങ്ങളോടെയാണ് മീഡിയ സെന്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.