കൊല്ലം: വോട്ടുകണക്കിലെ ക്രമാനുഗത വളർച്ച നോക്കിയാൽ ബി.ജെ.പിക്ക് വിജയ സാദ്ധ്യതയുള്ള ലോക്‌സഭാ മണ്ഡലമെന്ന് വിലയിരുത്തപ്പെടുകയാണ് കൊല്ലം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.എം.വേലായുധൻ 58,766 വോട്ടാണ് നേടിയതെങ്കിൽ പിറ്റേ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ലോക്‌സഭാ പരിധിയിലെ വിവിധ വാർഡുകളിൽ 1,75,000 വോട്ടിലേക്ക് കുതിച്ചു. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി 1,30,000 വോട്ട് നേടി.
ശബരിമല വിഷയം ഇക്കുറി തിരഞ്ഞെടുപ്പിൽ ശക്തമായ വികാരമാകുമെന്ന് കണക്കുകൂട്ടുന്ന ബി.ജെ.പി ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തി പോരാട്ടം കടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക സംവരണം എൻ.എസ്.എസ് സ്വാഗതം ചെയ്തതും അനുകൂല ഘടകമായി പാർട്ടി വിലയിരുത്തുന്നു.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള രംഗത്തിറങ്ങിയാൽ ശക്തമായ മത്സരം കൊല്ലത്ത് കാഴ്ചവയ്ക്കാനാവുമെന്ന് ജില്ലയിലെ നേതാക്കൾ കരുതുന്നു. സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറുകയും ചെയ്യും.
അഞ്ച് വർഷത്തിനിടയിലെ വോട്ട് ഉയർച്ച രണ്ടര ലക്ഷത്തിനും മൂന്ന് ലക്ഷത്തിനുമിടയിൽ വരുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. ഒമ്പത് ലക്ഷത്തോളം വോട്ടുള്ള മണ്ഡലത്തിൽ ഈ സംഖ്യ നിർണായകമാണ്. ചാത്തന്നൂരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എത്തിയതും അനുകൂല ഘടകമായി വിലയിരുത്തുന്നു.
ശ്രീധരൻ പിള്ളയെ കൂടാതെ സ്ഥാനാർത്ഥികളാകാൻ സാദ്ധ്യതയുള്ളവരായി മുൻ ജില്ലാ കളക്‌ടറായിരുന്ന സി.വി.ആനന്ദബോസ്, സുരേഷ് ഗോപി, മുൻ ഡി.ജി.പി ടി.പി.സെൻ കുമാർ, കൊല്ലത്തെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സി.വിമൽകുമാർ എന്നിവരുടെ പേരുകളും ഉയർന്നുവരുന്നുണ്ട്.