panchayath
വൃക്ഷ ശിഖരങ്ങൾ പടർന്നു കയറി കിടക്കുന്ന മുൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് മന്ദിരം

തൊടിയൂർ: കരുനാഗപ്പള്ളി നഗരസഭ രൂപീകരിച്ചപ്പോൾ പ്രവർത്തനം നിലച്ച ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടം നാഥനില്ലാതെ നശിക്കുന്നു. കരുനാഗപ്പള്ളിയിലെ ഐ.സി.ഡി.എസ് ഓഫീസടക്കം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുമ്പോഴാണ് മികച്ച സൗകര്യമുള്ള ഈ സമുച്ചയം കാടുകയറി നശിക്കുന്നത്. കന്നേറ്റി കരോട്ടുമുക്കിന് സമീപം പ്രവർത്തിച്ചിരുന്ന ഐ.സി.ഡി. എസ് പ്രോജക്ട് ഓഫീസ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നതാണ്.

എന്നാൽ എട്ട് വർഷമായി പ്രവർത്തിക്കാത്ത ഈ ഓഫീസിനോട് മുഖം തിരിച്ച ഐ.സി.ഡി.എസ് അധികൃതർ ഓഫീസ് ഇപ്പോഴും മറ്റൊരു വാടകക്കെട്ടിടത്തിലാണ് പ്രവർത്തിപ്പിക്കുന്നത്. ബന്ധപ്പെട്ടവർ എത്തി പരിശോധിച്ചപ്പോൾ കെട്ടിടത്തിൽ വൈദ്യുതി കണക്ഷനില്ലെന്നും പരിസരം കാടുപിടിച്ച കിടക്കുകയാണെന്നുമായിരുന്നു പരാതി. എന്നാൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനാ നവാസ് മുൻകൈ എടുത്ത് രണ്ടുകാര്യങ്ങളും പരിഹരിച്ചെങ്കിലും പിന്നീട് ആരും ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയില്ല.

ഇപ്പോൾ ഈ കെട്ടിടത്തിന്റെ വശങ്ങളിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മേൽക്കൂരയിലാകെ പടർന്നുകയറിയ അവസ്ഥയിലാണ്. ലാറി ബേക്കർ മാതൃകയിലുള്ള കെട്ടിടത്തെ സാമൂഹ്യ വിരുദ്ധൻമാരും മദ്യപാനികളും കൈയ്യടക്കി. മെയിൻ ഹാളിൽ പ്രവേശിക്കുന്ന വലിയ വാതിൽ പൊളിഞ്ഞതിനാൽ പട്ടിക കഷണം കുറുകെ തറച്ചാണ് അടച്ചിട്ടുള്ളത്.

നാഥനില്ലാതെ ഓഫീസുകൾ

ജില്ലാ അസി.ഡെവലപ്മെന്റ് കമ്മിഷണറുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന്റെ മേൽനോട്ടം ഓച്ചിറ ബി.ഡി.ഒയ്ക്കാണ്. കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് നിലവിലുണ്ടായിരുന്ന സമയത്ത് വിവിധ ഓഫീസുകളായി പ്രവർത്തിച്ചിരുന്ന അനുബന്ധ കെട്ടിടങ്ങളും നശിച്ചുകൊണ്ടിരിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് നിറുത്തലാക്കുന്നതിന് തൊട്ട് മുമ്പ് പണി പൂർത്തിയാക്കിയ കാന്റീൻ കെട്ടിടം തുറന്നിട്ടേയില്ല. എന്നാൽ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലുള്ള പി.എസ്.സി പരീക്ഷാ പരിശീലന കേന്ദ്രം പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലും കാർഷിക വിജ്ഞാന വ്യാപന കേന്ദ്രത്തിലുമായി പ്രവർത്തിക്കുന്നുണ്ട്. ഇവയും ജീർണ്ണാവസ്ഥയിലാണ്.

അടിയന്തര അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ ഇവിടെ നടക്കുന്ന പ്രവർത്തനങ്ങളും കുഴപ്പത്തിലാകും.

ഉത്തരവാദിത്വമില്ലായ്മയോ?​

കാടുമൂടിയും ചുറ്റുമതിൽ തകർന്നും കിടക്കുന്ന ഈ കെട്ടിട സമുച്ചയം കോടികൾ വിലമതിക്കുന്നതാണ്. രണ്ടേക്കറിൽപ്പരം വരുന്ന വസ്തുവും നാഥനില്ലാ കളരിയായി. പൊതുമുതൽ കൈകാര്യം ചെയ്യുന്നതിലുള്ള അധികൃതരുടെ നിരുത്തരവാദിത്വമാണ് ഇതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.