malinya-smskarana-plan
മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാനായി ചണ്ണമലയിൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ ഭൂമിയിൽ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നു. ഇവിടെയാണ് പുതിയ പ്ലാന്റ് വരുന്നത്

കുളത്തൂപ്പുഴ: കുമിഞ്ഞുകൂടുന്ന മാലിന്യത്താൽ ശ്വാസംമുട്ടിയിരുന്ന കുളത്തൂപ്പുഴക്കാർക്ക് ഇനി ആശ്വസിക്കാം. മാലിന്യ സംസ്കരണത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ബൃഹത് പദ്ധതിയാണ് നാടിന് നേട്ടമാകുന്നത്. ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ച് സംസ്കരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പ്രദേശവാസികളായ ഒട്ടേറെപേർക്ക് തൊഴിലും പഞ്ചായത്തിന് വരുമാനവും ലഭിക്കുന്ന തരത്തിലുള്ളതാണ് പദ്ധതി. 2006ൽ അന്നത്തെ പഞ്ചായത്ത് ഭരണസമിതി വിലകൊടുത്തുവാങ്ങിയ ചണ്ണമലയിലെ ഭൂമിയിൽ ഇരുപത് ലക്ഷം രൂപ ചെലവിലാണ് ജൈവമാലിന്യ സംസ്കരണ പ്ളാന്റ് സ്ഥാപിക്കുന്നത്. കല്ലുവെട്ടാംകുഴിയിലുള്ള പഞ്ചായത്തിന്റെ കൈവശ ഭൂമിയിൽ എഴുപത്തിഅഞ്ച് ലക്ഷം ചെലവിൽ നിർമ്മിക്കുന്ന ശ്മശാനത്തോട് ചേർന്ന് പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റും സ്ഥാപിക്കും.

കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എം.വൈ കൺസ്ട്രക്ഷനാണ് ശുചിത്വമിഷന്റെ സഹായത്തോടെയുള്ള പദ്ധതിയുടെ നിർമ്മാണ ചുമതല. ദിവസവും 300 മുതൽ 400കിലോ വരെ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവളമായി കർഷകർക്ക് വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഹരിത കർമ്മസേന രൂപീകരിച്ച് ഒാരോ വീടുകളിൽ നിന്നും 30 രൂപ യൂസർ ചാർജ്ജ് ഈടാക്കി മാലിന്യങ്ങൾ ശേഖരിക്കും. വേർതിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലെത്തിച്ച് പൊടിച്ച് വിൽപ്പന നടത്തും. ഇത് റോഡ് ടാർ ചെയ്യുന്നതിനാകും ഉപയോഗിക്കുക.

ഒഴിവാകുന്നത് വർഷങ്ങളുടെ തലവേദന

കുളത്തൂപ്പുഴക്കാരെ വർഷങ്ങളായി വലയ്ക്കുന്ന തലവേദനയായിരുന്നു വർദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം. മാലിന്യ സംസ്കരണത്തിനായി വർഷങ്ങൾക്ക് മുമ്പ് ഭൂമി വിലകൊടുത്തുവാങ്ങിയെങ്കിലും പദ്ധതി നടപ്പിലാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. വ്യാപാര സ്ഥാപനങ്ങളിലേയും ചന്തകളിലേയും മാലിന്യങ്ങൾ പലപ്പോഴും നിക്ഷേപിച്ചിരുന്നത് വനഭൂമിയിലാണ്. ഇത് വന്യമൃങ്ങളുടെ ആവാസ വ്യവസ്ഥയിലും സാരമായ പ്രത്യാഘാദങ്ങൾ സൃഷ്ടിച്ചു.

മാലിന്യങ്ങൾ മഴവെള്ളത്തിൽ ഒലിച്ചിറങ്ങി കല്ലയടാറിൽ എത്തുന്നതും കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. ഇതോടെയാണ് പുതിയ പദ്ധതി ആവിഷ്കരിക്കാൻ പഞ്ചായത്ത് തയാറായത്.

പദ്ധതി നടപ്പിലാക്കി വിജയിച്ച കേരളത്തിലെ വിവിധ പഞ്ചായത്തുകൾ സന്ദർശിച്ച് പഠനം നടത്തിയാണ് മാലിന്യ സംസ്കരണ യൂണിറ്റ് സ്ഥാപിക്കാൻ പഞ്ചായത്ത് വിശദമായ പദ്ധതി തയ്യാറാക്കിയത്. ഇവ ഉടൻ പൂർത്തിയാക്കി നാടിന് സമർപ്പിക്കും.

സാബു എബ്രഹാം,​ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്