photo

റോഡ് വെട്ടിപ്പൊളിച്ചിട്ട് മാസം ഒൻപത് കഴിഞ്ഞു

യാത്രാദുരിതത്തിൽ വലഞ്ഞ് പൊതുജനം

700 മീറ്റർ ദൂരം ഇപ്പോഴും പൈപ്പ് പുനഃസ്ഥാപിച്ചിട്ടില്ല

ഇനി വേണ്ടത് അടിയന്തര നടപടി

കൊല്ലം: മുണ്ടയ്ക്കൽ ഭാഗത്തെ റോഡിന്റെ തകർച്ചയ്ക്ക് ഒടുവിൽ പരിഹാരമൊരുങ്ങുന്നു. മേയർ വി.രാജേന്ദ്രബാബുവും കൗൺസിലർ ശാന്തിനി ശുഭദേവനും മുണ്ടയ്ക്കൽ വികസന സമിതി പ്രവർത്തകർക്കൊപ്പം തകർന്ന റോഡുകൾ നേരിൽക്കണ്ട് ബോദ്ധ്യപ്പെട്ടു. ഡി.സി.സി ഓഫീസിന് മുന്നിൽ നിന്ന് ലയൺസ് ഹാൾ വഴി ജോസ് ആർട്സ് പ്രസിന് മുന്നിലും കെ.പി അപ്പൻ റോഡിലും സംഘം നടന്നെത്തി. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ഇടാനും വൈദ്യുതി ബോർഡിന്റെ കേബിളിടുന്നതിനുമായി വെട്ടിപ്പൊളിച്ച റോഡുകൾ ഇത്രത്തോളം തകർച്ചയിലാണെന്ന കാര്യം സന്ദർശനത്തോടെയാണ് മേയർക്ക് ബോദ്ധ്യപ്പെട്ടത്.

അടിയന്തരമായി പ്രശ്നത്തിൽ ഇടപെടുമെന്നും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുമെന്നും വികസന സമിതി പ്രവർത്തകർക്ക് മേയർ ഉറപ്പ് നൽകി. 9 മാസം മുൻപാണ് മുണ്ടയ്ക്കൽ പടിഞ്ഞാറ് പ്രദേശത്തെ റോഡുകളെല്ലാം വെട്ടിപ്പൊളിച്ചത്. വാട്ടർ അരനൂറ്റാണ്ട് മുൻപ് സ്ഥാപിച്ച പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാനായി കുഴിയെടുത്തതാണ് റോഡിനെ തകർത്തത്. 700 മീറ്റർ ദൂരം ഇപ്പോഴും പൈപ്പ് പുനഃസ്ഥാപിച്ചിട്ടില്ല. ബാക്കിയുള്ള ഭാഗങ്ങളിൽ റോഡിന്റെ നടുവിലൂടെ കുഴിയെടുത്താണ് പൈപ്പ് മാറ്റി സ്ഥാപിച്ചത്. എന്നാൽ റീ ടാറിംഗ് നടത്താതെ അധികൃതർ പിൻവാങ്ങി. ഇതോടെയാണ് നാട്ടുകാർ ദുരിതയാത്രയുടെ നടുവിലായത്.

വഴിത്തിരിവായി കേരളകൗമുദി വാർത്ത

റോഡ് വെട്ടിപ്പൊളിച്ചതുമുതൽ തുടരുന്ന ദുരിതം ചൂണ്ടിക്കാട്ടി 'പൈപ്പിടാൻ റോഡ് വെട്ടിപ്പൊളിച്ചു, മുണ്ടയ്ക്കലിലെ റോഡുകൾ തകർന്നിട്ട് ഒൻപത് മാസം' എന്ന തലക്കെട്ടിൽ കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് അധികൃതരുടെ ഇടപെടലിന് വഴിതെളിച്ചത്. എസ്.എൻ കോളേജ് ജംഗ്ഷനിലും പോളയത്തോട്ടിലും മേൽപ്പാലങ്ങൾ നിർമ്മിക്കുന്നതുൾപ്പടെ വലിയ വികസനത്തിന് മുണ്ടയ്ക്കൽ കാതോർക്കുമ്പോഴാണ് നാണക്കേടുമായി റോഡിന്റെ ഈ ദുരിതാവസ്ഥ. മുണ്ടയ്ക്കൽ ഭാഗത്തെ തകർന്ന റോഡുകൾ അടിയന്തരമായി റീ ടാറിംഗ് നടത്തണമെന്ന് മുണ്ടയ്ക്കൽ വികസന സമിതി ഭാരവാഹികൾ മേയർക്ക് നിവേദനം നൽകിയിരുന്നു. മേയറുടെ സന്ദർശനത്തോടെ റോഡിന്റെ കാര്യത്തിലും നാടിന്റെ മറ്റ് ശോച്യാവസ്ഥയ്ക്കും അടിയന്തിര പരിഹാരം ഉണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.