accident
പരിക്കേറ്റ പഞ്ചായത്തംഗം രോഹിണി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ

തൊടിയൂർ: റോഡരികിലെ സ്‌നേഹമതിൽ തകർന്നുവീണ് തൊടിയൂർ ഗ്രാമപഞ്ചായത്തംഗം ആർ. രോഹിണി (45), വിദ്യാർത്ഥികളായ അശ്വിൻ (15), വിഷ്ണു (15) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 5.30ന് കല്ലേലിഭാഗം എസ്.എൻ.വി.എൽ.പി എസ് ജംഗ്ഷന് പടിഞ്ഞാറുഭാഗത്ത് റോഡരികിലെ മതിലാണ് തകർന്നുവീണത്. പരിക്കേറ്റവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുനർനിർമ്മാണം നടക്കുന്ന കോട്ടവീട്ടിൽ ജംഗ്ഷൻ ​ എസ്.എൻ.വി.എൽ.പി.എസ് ജംഗ്ഷൻ റോഡിൽ റോഡ് റോളർ പ്രവർത്തിപ്പിച്ചപ്പൊഴുണ്ടായ പ്രകമ്പനത്തിലാണ് മതിൽ തകർന്നത്. ഈ സമയം പഞ്ചായാത്തംഗവും വിദ്യാർത്ഥികളും മതിലിന് സമീപം നിൽക്കുകയായിരുന്നു. മതിൽ ദേഹത്ത് പതിച്ച മൂന്നുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

രോഹിണിയുടെ നടുവിന് ശക്തമായ ക്ഷതമേറ്റിട്ടുണ്ട്. അശ്വിന്റെ ഇടത് കാൽ ഒടിഞ്ഞു. വിഷ്ണുവിന് നിസാര പരിക്കുകളുണ്ട്. കല്ലേലിഭാഗത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കാനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. മൈനാഗപ്പള്ളി ചിറ്റയ്ക്കാട്ട് വീട്ടിൽ മധുസൂദനൻപിളള ​പ്രിയ ദമ്പതികളുടെ മകനായ അശ്വിൻ. കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. മൈനാഗപ്പള്ളി മണ്ണൂരയ്യത്ത് ഓമനക്കുട്ടൻപിള്ള ​ശശികല ദമ്പതികളുടെ മകനായ വിഷ്ണു കരുനാഗപ്പള്ളി ഗവ.മോഡൽ എച്ച്.എസ്. എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ്. പഞ്ചായത്തംഗമായ രോഹിണി നിർമ്മാണം നിരീക്ഷിച്ചുകൊണ്ട് മതിലിനരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം.