ഓച്ചിറ: യാത്രക്കാർക്ക് വാരിക്കുഴിയൊരുക്കി തകർച്ചയിലായ പഞ്ചായത്ത് പാലം. ക്ലാപ്പന പഞ്ചായത്ത് 14ാം വാർഡിലെ പാട്ടത്തിൽകടവിൽ നിന്ന് പോക്കാട്ടുമണ്ണേൽ കടവിലേക്കുള്ള റോഡിലെ പാലമാണ് വർഷങ്ങളായി അപകടാവസ്ഥയിൽ തുടരുന്നത്. ക്ലാപ്പന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരംതെങ്ങിലേക്കും കായംകുളം ഹാർബറിലേക്കും പോകുന്നതിനുള്ള ഏളുപ്പവഴിയിലാണ് അമ്പത് വർഷത്തിലേറെ പഴക്കമുള്ള പാലം സ്ഥിതിചെയ്യുന്നത്.
ആയിരംതെങ്ങ് മുണ്ടകപ്പാടത്തിലേക്ക് നെൽകൃഷിക്കാവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനും തിരികെ നെല്ല് കൊണ്ടുപോകുന്നതിനുമാണ് പാലം നിർമ്മിച്ചത്. ഇപ്പോൾ മുണ്ടകപ്പാടത്ത് നെൽകൃഷി ഇല്ലെങ്കിലും 350 ഓളം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതാണ് പാലത്തിനെ തകർത്തതെന്നാണ് ഇവിടത്തുകാർ പറയുന്നത്.
പാലത്തിന്റെ കൈവരികളും കോൺക്രീറ്റ് തൂണുകളും ദ്രവിച്ച് പാലം ഒരു വശത്തേക്ക് ചരിഞ്ഞ അവസ്ഥയിലാണ്. ഇതോടെ പഞ്ചായത്ത് അധികൃതർ പാലം അപകടത്തിലാണെന്നും ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിച്ചതായും കാണിച്ച് രണ്ട് വർഷം മുൻപ് ഇവിടെ ബോർഡ് സ്ഥാപിച്ചു. എന്നാൽ ഇതോടെ തുടർനടപടികൾ അവസാനിച്ചു. പാലത്തിന്റെ ശോച്യാവസ്ഥ കാരണം വീടുപണിക്കാവശ്യമായ സാധനങ്ങൾ ഉൾപ്പെടെ പാലത്തിന് സമീപം ഇറക്കി വെച്ച് തലച്ചുവടായി കൊണ്ടുപോകേണ്ടുന്ന അവസ്ഥയിലാണ് ഇവിടത്തുകാർ. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും പുതിയ പാലം നിർമ്മിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
ഭരണപക്ഷവും പ്രതിപക്ഷവും നടത്തുന്ന ഒത്തുകളിയാണ് പാലം പുതുക്കി പണിയാത്തിന് കാരണം. പാലം പണി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും.
ആർ. കൃഷ്ണകുമാർ, പ്രസിഡന്റ് , ബി.ജെ.പി ക്ലാപ്പന പഞ്ചായത്ത് സമിതി