കൊല്ലം: അരനൂറ്റാണ്ടോളം കഥകളി അരങ്ങിൽ നിറഞ്ഞുനിന്ന ചവറ പാറുക്കുട്ടിക്ക് കലാകേരളത്തിന്റെ യാത്രാമൊഴി. ഇന്നലെ വൈകിട്ട് 4 മണിയോടെ കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ ഭൗതികദേഹം സംസ്കാരിച്ചു.
മകളോടൊപ്പം പാറുക്കുട്ടി നടത്തിവന്ന ചവറയിലെ കേരള നാട്യധർമ്മി കലാകേന്ദ്രത്തിൽ ഉച്ചവരെ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കെ. രാജു പുഷ്പചക്രം അർപ്പിച്ചു. കേരളസംഗീത നാടക അക്കാഡമിക്കു വേണ്ടി മുഖത്തല ശിവജി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.എൽ.എമാരായ എൻ. വിജയൻപിള്ള, ആർ. രാമചന്ദ്രൻ, കോവൂർ കുഞ്ഞുമോൻ, ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ, സൂസൻകോടി തുടങ്ങി നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഉച്ചയ്ക്ക് രണ്ടിന് ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷമാണ് ഭൗതികദേഹം മുളങ്കാടകത്തേക്ക് കൊണ്ടുപോയത്.
75-ാം വയസിലും കളിഅരങ്ങിൽ സജീവമായിരുന്ന ചവറ പാറുക്കുട്ടിയുടെ വിയോഗം ആകസ്മികമായിരുന്നു. രണ്ട് ദിവസം മുമ്പും ചവറയിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ ആദരവ് ഏറ്റുവാങ്ങാനെത്തിയിരുന്നു. വ്യാഴാഴ്ച ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ചവറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ ജീവൻ പൊലിയുകയായിരുന്നു.