parukutty

കൊല്ലം: ശിവരാത്രി ദിനത്തിൽ ഉഷാചിത്രലേഖയായി വീണ്ടും ആടണമെന്ന മോഹം സഫലമാവാതെയാണ് ചവറ പാറുക്കുട്ടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ. മാർച്ച് നാലിന് കരുനാഗപ്പള്ളി പടനായ‌ർകുളങ്ങര ശിവക്ഷേത്രത്തിലെ വേദിയിലെത്താൻ കാത്തിരിക്കുകയായിരുന്നു ആ കലാകാരി. ശാരീരിക അവശതകൾ ഏറെയുള്ളതിനാൽ മറ്റു പല വേദികളും സ്നേഹപൂർവം നിരസിക്കുകയും ചെയ്തു. എല്ലാ വർഷവും മുടങ്ങാതെ കഥകളി നടത്തുന്ന ചവറയിലെ പ്രമുഖ ക്ഷേത്രവേദിയും ഇത്തവണ വേണ്ടെന്നുവച്ചു. എന്നാൽ ഉഷാചിത്രലേഖയായി ആടണമെന്ന മോഹം ബാക്കിയായി. അതിനു കണ്ടുവച്ചതായിരുന്നു പടനായർ കുളങ്ങരയിലെ വേദി. ബാണയുദ്ധമാണ് കഥ. അതിലെ ഇഷ്ടവേഷം ഉഷാചിത്രലേഖയുടേതാണ്. അരങ്ങിൽ നിറഞ്ഞാടുമ്പോൾ വേഷമഴിച്ചുവയ്ക്കണമെന്ന ആഗ്രഹം അടുപ്പക്കാരുമായി പാറുക്കുട്ടി പങ്കുവച്ചിരുന്നു. പക്ഷേ, വേഷങ്ങളില്ലാത്ത ലോകത്തേക്ക് അവർ യാത്രയായി.

പ്രതിഭാസ്പർശം കൊണ്ടു അവിസ്മരണീയമായിരുന്നു ആടിയ വേഷങ്ങൾ. ദേവയാനിയായാലും ദമയന്തിയായാലും കചനായാലും കീചകനായാലും ആ കലാകാരിയിൽ ഭദ്രമായിരുന്നു. പേരെടുത്തത് കത്തിവേഷങ്ങളിലാണെങ്കിലും മിനുക്കും താടിയുമെല്ലാം ഒന്നുപോലെ വഴങ്ങി. കാണികളെ ഹരംകൊള്ളിക്കാൻ കഥാപാത്രങ്ങളുടെ ആഭിജാത്യം വിട്ടുള്ള കൈക്രിയകൾക്ക് മുതിരാറില്ല. എഴുപത്തഞ്ചിന്റെ നിറവിലും അരങ്ങുകൾ യൗവനത്തിന്റേതായിരുന്നു. മുഖം എഴുതിക്കഴിഞ്ഞാൽ പൂർണമായും കഥാപാത്രമായി മാറും. ശൃംഗാരവും രൗദ്രവും എന്നുവേണ്ട ഏതു ഭാവവും കണ്ണുകളിലും കവിളുകളിലും തുടിക്കും.

ശിവരാത്രി നാളിൽ പടനായർകുളങ്ങരയിലെ വേദിയിൽ അതൊക്കെ കാണാൻ കാത്തിരുന്നവരെ കണ്ണീരിലാഴ്ത്തി കാലം പാറുക്കുട്ടിയുടെ ജീവിതത്തിലെ ആട്ടവിളക്ക് അണച്ചു.