കൊല്ലം: സഹോദരിയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ മുള്ളുവിള സ്വദേശിയായ വസുന്ധരൻ എന്ന എഴുപത്തിയൊമ്പതുകാരനെ മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രം ഏറ്റെടുത്തു. മുള്ളുവിള ആര്യഭട്ടാ ലൈബ്രറി പ്രവർത്തകരുടെ ഇടപെടലാണ് ഇയാളെ സമിതിയിലെത്തിച്ചത്. മുള്ളുവിള ഹരിശ്രീനഗറിലുള്ള കാഞ്ഞിരംവിളവീടെന്ന ഒറ്റമുറി ഭവനത്തിൽ മനോനില തകരാറിലായിരുന്ന സഹോദരി വസുമതിയൊടൊപ്പമായിരുന്നു വസുന്ധരൻ കഴിഞ്ഞിരുന്നത്. അടുത്തിടെ സഹോദരി മരിച്ചതോടെ ഇയാൾ തെരുവിൽ അലഞ്ഞുതിരിയുന്ന നിലയിലായി.
കാഴ്ച ഭാഗികമായി നഷ്ടപ്പെട്ട ഇയാളുടെ അവസ്ഥ മറ്റ് അസുഖങ്ങൾകൂടി പിടിപെട്ടതോടെ ദയനീയമായി. ഇയാളുടെ മറ്റൊരു സഹോദരി കണ്ണൂരിലാണ് താമസം. ദീർഘദൂരം സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ഇവരുമായി ആര്യഭട്ടാ ലൈബ്രറി ഭാരവാഹികൾ ബന്ധപ്പെടുകയും അനുവാദം വാങ്ങുകയും ചെയ്ത ശേഷമാണ് കണ്ണൂരിൽ നിന്നെത്തിയ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വസുന്ധരനെ എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ ഏറ്റെടുത്തത്. ബീഡി തെറുത്ത് ജീവിച്ചിരുന്ന വസുന്ധരൻ കാഴ്ച നഷ്ടമായതോടെ ജോലി ചെയ്യാൻ കഴിയാത്ത നിലയിലായിരുന്നു. ലൈബ്രറി ഭാരവാഹികളായ എസ്. ശശിധരൻ നായർ, ഫിറോസ്, എസ്. സുദർശനൻ, ഇ.എ. ഖാദർ, മണികണ്ഠൻ, രാജു മുള്ളുവിള, നെജി മണക്കാട്, സുമീർ, നെജിമുദ്ദീൻ മുള്ളുവിള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.