തൊടിയൂർ: എവിടെ നിന്നെത്തിയന്നോ, എന്തിനുള്ള യാത്രയെന്നോ കാഴ്ചക്കാർക്ക് നിശ്ചയമില്ല. ആരോടും ദേഷ്യമോ അകൽച്ചയോ ഇല്ല, മറിച്ച് അടുത്തിടപഴകാൻ മടിയുമില്ല. ഒരിടത്തെത്തിയാൽ അവിടെ ഏതാനും മിനിട്ടുകൾ മാത്രം തങ്ങി സ്ഥലംവീടും. ആളുകൾ വച്ചു നീട്ടുന്ന പഴവും മറ്റും മടിയില്ലാതെ വാങ്ങി ഭക്ഷിക്കും. അതിനിടെ മതിലുകൾക്ക് മുകളിലും കെട്ടിടങ്ങൾക്കു മീതെയും കയറിയിരിക്കും. പിന്നീട് ഒന്നിച്ചിറങ്ങി യാത്രയാകും.
ഇന്നലെ രാവിലെ 10.30 മണിയോടെ തൊടിയൂർ ഗവ. എൽ.പി.എസിന് തെക്കുഭാഗത്തെ പറശ്ശേരി വയലിൽ അഷറഫിന്റെ വീടിനോടു ചേർന്ന മതിലിലാണ് അഞ്ചംഗ വാനരസംഘത്തെ കണ്ടത്. കാരൂർക്കടവ് പാലം വഴി ഇവിടെ എത്തിയതാണെന്നും സംഘത്തിൽ ഏഴ് വാനരന്മാർ ഉണ്ടായിരുന്നെന്നും ചിലർ പറഞ്ഞു. രണ്ടെണ്ണത്തെ പിന്നീട് കാണാതായി. ഒരെണ്ണത്തിന്റെ ഇടത് കൈയ്ക്ക് മുറിവേറ്റിട്ടുണ്ട്. രണ്ടെണ്ണം പൂർണ വളർച്ച എത്താത്തവയാണ്. ശാസ്താംകോട്ടയിലെ വാനരന്മാർ ഭക്ഷണം തേടിയുള്ള യാത്രക്കിടെ ഇവിടെ എത്തിയതാകാമെന്ന് കരുതുന്നു.