photo
കിഴക്കേകല്ലട സർക്കാർ എൽ.പി സ്‌കൂൾ വളപ്പിൽ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ ശരത്കുമാറിന്റെ നേതൃത്വത്തിൽ ഖനനം നടക്കുന്നു

കുണ്ടറ: ചരിത്രമുറങ്ങുന്ന കിഴക്കേകല്ലട സർക്കാർ എൽ.പി സ്‌കൂൾ വളപ്പിലെ കല്ലറയെക്കുറിച്ച് പഠിക്കുന്നതിനായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഖനനം ആരംഭിച്ചെങ്കിലും മണിക്കൂറുകൾക്ക് ശേഷം മണ്ണിട്ട് മൂടിയ ശേഷം മടങ്ങി.

വെള്ളിയാഴ്ച്ച രാവിലെ 10.30ഓടെയാണ് തിരുവനന്തപുരം പുരാവസ്തു വകുപ്പ് ഖനന വിഭാഗം വിദഗ്ദ്ധൻ ശരത്കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘം വളപ്പിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കിത്തുടങ്ങിയത്. കല്ലറയുടെ മുഖം കണ്ടെത്തിയതോടെ ഖനനം നിറുത്തി വയ്ക്കുകയായിരുന്നു. ശ്രദ്ധാപൂർവമുള്ള മണ്ണ് മാറ്റൽ നടത്തണമെന്നും ഇതിന് മാസങ്ങൾ വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങൾ നീളുന്ന ഖനന പ്രവർത്തനങ്ങൾ സ്കൂൾ വിദ്യാർത്ഥികളുടെ അദ്ധ്യയനത്തെയും ആരോഗ്യത്തെയും ബാധിക്കുമെന്ന അഭിപ്രായമുയർന്ന സാഹചര്യത്തിലാണ് ഖനനം നിറുത്തി വച്ചത്. പഴയ സ്‌കൂൾ കെട്ടിടം ഇടിച്ചു നിരത്തി രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഖനനം ആരംഭിക്കുകയാണെങ്കിൽ കെട്ടിടത്തിന്റെ നിർമ്മാണം മുടങ്ങും. തുടർന്ന് കുഴിച്ച ഭാഗം മണ്ണിട്ട് മൂടിയ ശേഷം സംഘം മടങ്ങിപ്പോവുകയായിരുന്നു.

ഖനനത്തിൽ ലഭിച്ച പാറപ്പാളികൾ പഠിച്ച് കിഴക്കേകല്ലടയിലെ കല്ലറയെപ്പറ്റിയുള്ള വിവരങ്ങൾ രേഖപ്പെടുത്തുമെന്ന് ആർക്കിയോളജി എസ്‌കവേഷൻ അസിസ്റ്റന്റ് ശരത്കുമാർ പറഞ്ഞു. വിരമിച്ച ശാസ്താംകോട്ട കോളേജ് പ്രൊഫ. ഭാസ്‌കരൻ നായർ, ചരിത്രകാരൻ ഹരി കട്ടയിൽ, സ്റ്റീഫൻ പുത്തേഴത്ത്, കോശി അലക്‌സ്, ചന്ദ്രൻ കല്ലട, രാജേന്ദ്രൻ പിള്ള, ഗോപി പിള്ള തുടങ്ങിയവർ ഖനനം നിരീക്ഷിക്കുന്നതിന് എത്തി.