ആലപ്പുഴ: ഓമനപ്പുഴ കടപ്പുറത്തെ ഓമനപ്പിള്ളയ്ക്ക് തീവണ്ടി ഒരു ഹരമായിരുന്നു. ഒടുവിൽ പേര് 'തീവണ്ടിപ്പിള്ള' എന്നായി മാറിയപ്പോഴും ഓമനപ്പിള്ള ആരോടും പരിഭവിച്ചില്ല. ആ തീവണ്ടി പ്രേമം ചരിത്ര കഥയിൽ ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ, ആലപ്പുഴ ജില്ലയിൽ തീരദേശ റെയിൽവേ ഒരു സ്വപ്നമായി അവിശേഷിക്കുമായിരുന്നു,
ആലപ്പുഴയിൽ അക്കാലത്ത് മുന്തിയ കാറുള്ള ധനാഢ്യനായിരുന്നു ഓമനപ്പിള്ള. സഹൃദയൻ എന്ന് പറഞ്ഞാൽ വെറും വാക്കാവില്ല. വൈകുന്നേരങ്ങളിൽ ഓമനപ്പിള്ള കാറിലിങ്ങനെ വരും. അതൊരു കാഴ്ചയാണ്. മുല്ലയ്ക്കലിൽ കാർ നിറുത്തി ഡോർ തുറന്ന് നിറചിരിയോടെ വരുന്ന ഓമനപ്പിള്ള സർവസമ്മതനായിരുന്നു. എല്ലാവർക്കും ഇഷ്ടമുള്ള കഥാപാത്രം. സ്നേഹാന്വേഷണങ്ങളുമായി ഓമനപ്പിള്ള തെരുവോരത്ത് നിറഞ്ഞങ്ങനെ നിൽക്കും. ആ കാറും വരവും കാണാൻ തന്നെ ചന്തമായിരുന്നു. ആലപ്പുഴയിൽ ഓമനപ്പിള്ളയ്ക്ക് മാത്രമേ അത്തരമൊരു കാർ ഉണ്ടായിരുന്നുള്ളൂ. ആഡംബര കാർ മോഹിയാണെങ്കിലും ഓമനപ്പിള്ളയ്ക്ക് പെരുത്ത ഇഷ്ടം തീവണ്ടിയോടായിരുന്നു.
'തീവണ്ടിയില്ലാത്ത ജില്ലയാണ് ആലപ്പുഴ, നമുക്കും വേണം തീവണ്ടി...'- ഓമനപ്പിള്ള എപ്പോഴും പറഞ്ഞ് നടക്കുമായിരുന്നു. ഈ ആഗ്രഹം നടപ്പാവണമെങ്കിൽ തീവണ്ടിയെ സ്നേഹിക്കുന്നയാൾ ജയിച്ചുവരണം. അതിനായി ഓമനപ്പിള്ളതന്നെ മത്സരത്തിനിറങ്ങി. നിയമസഭയിലേക്ക് സ്വതന്ത്ര സ്ഥാനാർത്ഥിയായി. ചിഹ്നം മറ്റൊന്നുമല്ല, തീവണ്ടി! അതോടെ ഓമനപ്പിള്ളയ്ക്ക് നാട്ടുകാർ ഒരു പേര് സമ്മാനിച്ചു; തീവണ്ടിപ്പിള്ള. ഭംഗിയായി തോറ്റെങ്കിലും ഓമനപ്പിള്ള തീവണ്ടി പ്രേമം വിട്ടില്ല.
1980ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. എെയും എയുമായി കോൺഗ്രസ് ചേരിതിരിഞ്ഞ് നിൽക്കുന്നു. ഇടതു പക്ഷത്തിനൊപ്പം നിൽക്കുന്ന എ പക്ഷത്തിനാണ് കരുത്ത്. സുശീലാ ഗോപാലനാണ് ഇടത് സ്ഥാനാർത്ഥി. എെ ഗ്രൂപ്പ് ഈ സീറ്റ് ഘടക കക്ഷിയായ ജനതാദളിന് കൊടുത്തു.
സ്ഥാനാർത്ഥിയായി ജനതാദൾ ഇറക്കിയത് ഓമനപ്പിള്ളയെ. 1,14,264 വോട്ടിൻെറ ഭൂരിപക്ഷത്തിന് ഓമനപ്പിള്ളയെ സുശീലാ ഗോപാലൻ തോൽപ്പിച്ചു.
ഓമനപ്പിള്ള തോറ്റെങ്കിലും തീവണ്ടി എന്ന ആശയം തോറ്റില്ല. വി.എം.സുധീരൻ തീവണ്ടിക്കായി ശബ്ദമുയർത്തി. പാർലമെന്റിൽ സത്യഗ്രഹം കിടക്കുമെന്ന് ഭീഷണി മുഴക്കി. മധു ദന്തവതെയായിരുന്നു അന്ന് റെയിൽവേ മന്ത്രി. തീവണ്ടി എന്ന ആശയത്തിന് റെയിൽവേ മന്ത്രി പച്ചക്കൊടി വീശി. അങ്ങനെ റെയിൽവേയ്ക്കായി സർവേ നടത്താൻ ഉത്തരവിട്ടു. അത് ഓമനപ്പിള്ളയുടെ ആശയം സഫലമാകുന്നതിന്റെ തുടക്കമായിരുന്നു. വക്കം പുരുഷോത്തമൻ ആലപ്പുഴയുടെ എം.പിയായിരുന്ന 1989 ൽ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യ ആലപ്പുഴ തീരദേശ റെയിൽവേ ഉദ്ഘാടനം ചെയ്തു. ഓരോ തീവണ്ടിയും തീരദേശ പാതവഴി കൂകിപ്പായുമ്പോൾ ഓമനപ്പിള്ളയെ ആരെങ്കിലുമൊക്കെ ഓർക്കാതിരിക്കില്ല.