പുനലൂർ:തെന്മല പഞ്ചായത്തിലെ ചാലിയക്കര ആറ്റിൽ അവശ നിലയിൽ കണ്ടെത്തിയ മ്ലാവിനെ വനപാലർ ഏറ്റെടുത്തു. നാട്ടുകാരാണ് കൊമ്പ് ഒടിഞ്ഞ ഭാഗം പഴുത്തനിലയിലായ മ്ലാവിനെ കണ്ടെത്തിയത്. അറിഞ്ഞെത്തിയ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുള്ള വനപാലകർ മ്ലാവിനെ പരിശോധിച്ച ശേഷം കറവൂർ വെറ്ററിനറി ഡോക്ടർ അനിൽകുമാറിനെ വിളിച്ചുവരുത്തി മരുന്നും ഇഞ്ചക്ഷനും നൽകി. തുടർന്ന് മൂന്ന് ദിവസത്തെ വിശ്രമത്തിനായി മ്ലാവിനെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.
മറ്റ് കാട്ടുമൃഗങ്ങളുടെ കുത്തേറ്റാണ് മ്ലാവിൻെറ കൊമ്പ് ഒടിഞ്ഞതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ചോഫീസർ ദിലീപ് അറിയിച്ചു. മുറിവ് ഉങ്ങിയാൽ ഉടൻ ഇതിനെ വനത്തിൽ കൊണ്ട് വിടും. ഫോറസ്റ്റർ ടി. ജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസറർമാരായ ജോസ്, ടി. രാജു, വാച്ചറർമാരായ രഞ്ചൻ, സുദർശനൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മ്ലാവിനെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചത്.